കൊച്ചി: എറണാകുളം ബോട്ട് ജെട്ടി പരിസരം ട്രാൻസ്പോർട്ട് ഹബ്ബായി മാറ്റണമെന്ന് മേയർ സൗമിനി ജെയിൻ പറഞ്ഞു. മുൻ മന്ത്രിയും സി.പി.എം നേതാവുമായ ടി. കെ. രാമകൃഷ്ണന് സ്മാരകം നിർമ്മിക്കുന്നതിനായി സർക്കാർ ഏറ്റെടുക്കാൻ ഉദ്ദേശിക്കുന്ന സ്ഥലം സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു മേയർ. ബോട്ട് ജെട്ടി ഭാഗത്തെ 15 സെന്റ് സ്ഥലം ടി.കെ.സ്മാരകത്തിന് ഏറ്റെടുക്കുന്നതായി സർക്കാർ അടുത്ത കാലത്ത് ഉത്തരവിറക്കിയിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച നടന്ന കൗൺസിൽ യോഗത്തിൽ യു.ഡി.എഫ് കൗൺസിലർമാർ സർക്കാരിന്റെ ഈ നീക്കത്തെ ശക്തമായി എതിർത്തതോടെ സ്ഥലം സന്ദർശിച്ച് കാര്യങ്ങൾ വിലയിരുത്തുമെന്ന് മേയർ അറിയിച്ചു. ഇതിന്റെ ഭാഗമായാണ് മേയറുടെ നേതൃത്വത്തിലുള്ള സംഘം സ്ഥല പരിശോധന നടത്തിയത്. നഗരത്തിന്റെ ഗതാഗത രംഗത്തെ വികസനത്തിന് ഏറെ പ്രാധാന്യമുള്ള ഈ സ്ഥലം മറ്റ് ആവശ്യങ്ങൾക്കായി വിട്ടുകൊടുക്കുന്നത് അംഗീകരിക്കാൻ കഴിയില്ല. ബോട്ട് ജെട്ടി, ബസ് സ്റ്റാൻഡ് , മെട്രോ സ്റ്റേഷനിലേക്കുള്ള നടപ്പാത എന്നിവയെല്ലാം സംഗമിക്കുന്ന ഈ സ്ഥലവും പരിസരവും കൊച്ചിയുടെ ഗതാഗത രംഗവുമായി ബന്ധപ്പെട്ട കാര്യങ്ങൾക്ക് മാത്രമെ ഉപയോഗിക്കാൻ പാടുള്ളുവെന്ന് സംഘം അഭിപ്രായപ്പെട്ടു. കെ.എം.ആർ.എൽ, കൊച്ചി സ്മാർട്ട് മിഷൻ ലിമിറ്റഡ്, യു.എം.ടി.സി, എസ്.യു. ടി എന്നിങ്ങനെ കൊച്ചിയുടെ ഗതാഗത വികസനവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ഏജൻസികളുടെ സഹായത്തോടെ ബോട്ട് ജെട്ടി അടക്കമുള്ള പ്രദേശത്തെ ട്രാൻസ്‌പോർട്ട് ഹബ്ബാക്കി മാറ്റുന്നതിന് പദ്ധതി തയ്യാറാക്കുമെന്ന് മേയർ അറിയിച്ചു. ഡെപ്യൂട്ടിമേയർ കെ.ആർ.പ്രേമകുമാർ, പി.എം.ഹാരിസ്, കെ.വി.,പി കൃഷ്ണകുമാർ, എ.ബി.സാബു.പി.ഡി.മാർട്ടിൻ എന്നിവർ മേയർക്ക് ഒപ്പമുണ്ടായിരുന്നു