വിദേശ സേനകളുമായി സംയുക്ത അഭ്യാസം നടത്തുക ഇന്ത്യൻ നേവിയുടെ പതിവാണ്. ഓരോ വർഷത്തെയും സംയുക്ത അഭ്യാസങ്ങൾ മുൻകൂട്ടി നിശ്ചയിക്കും. മറ്റു രാജ്യങ്ങളിൽ ഇന്ത്യൻ കപ്പലുകൾ പോകുമ്പോൾ അവിടുത്തെ സേനയുമായി ചേർന്ന് ചെറിയ അഭ്യാസങ്ങൾ നടത്താറുണ്ട്. അവ മുൻകൂട്ടി ആസൂത്രണം ചെയ്യുന്നതല്ല.
ഇന്ത്യയും അമേരിക്കയും ചേർന്ന് കഴിഞ്ഞ ദിവസം നടത്തിയ സംയുക്ത അഭ്യാസവും മുൻകൂട്ടി ആസൂത്രണം ചെയ്തതല്ല. അമേരിക്കയുടെ കപ്പൽ എത്തിയപ്പോൾ നമ്മുടെ കപ്പൽ ദൂരത്തായിരുന്നു. ചൈനയ്ക്ക് ഒരു രാഷ്ട്രീയ സന്ദേശം, മുന്നറിയിപ്പ് നൽകുകയെന്ന ലക്ഷ്യത്തിലാണ് ഒരുമിച്ച് അഭ്യാസം നടത്തിയത്. അതൊരു സൂചന നൽകലാണ്.
അമേരിക്കയുടെ വിമാനവാഹിനി കപ്പലാണ് പങ്കെടുത്തത്. ഒരു വിമാനത്താവളം തന്നെയാണ് വിമാനവാഹിനി കപ്പൽ. വിമാനങ്ങൾ എവിടെ നിന്ന് വരുന്നു, പോകുന്നു, എത്ര ഉയരത്തിൽ പറക്കുന്നു തുടങ്ങിയ വിവരങ്ങൾ അവിടെ അറിയണം. ഏകോപനമുണ്ടാകണം. അതുപോലെ തന്നെയാണ് വിമാനവാഹിനിയും. ശത്രു രാജ്യത്തിന്റെ വിമാനം വരുന്നുണ്ടോയെന്ന് അറിയണം.
അമേരിക്കൻ കപ്പലിൽ നിരവധി വിമാനങ്ങളുണ്ട്. സമീപത്ത് ഇന്ത്യയുടെ കപ്പലിൽ നിരവധി വിമാനങ്ങളും ഹെലികോപ്ടറുകളുമുണ്ട്. ഒരുമിച്ച് ദൗത്യത്തിനിറങ്ങുമ്പോൾ മുൻകരുതൽ ആവശ്യമാണ്. ആശയവിനിമയം പ്രധാനവുമാണ്. സംയുക്ത പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന രണ്ടു സേനകൾ നടപടികൾ പരസ്പരം പഠിക്കും. ഭാവിയിൽ എപ്പോഴെങ്കിലും ഒരുമിച്ച് ദൗത്യം ഏറ്റെടുക്കേണ്ടിവരുമ്പോൾ ഇതുവഴി അനായാസം പൂർത്തിയാക്കാൻ കഴിയും. രണ്ട് സങ്കീർണദൗത്യങ്ങൾ ഒരുമിച്ച് കൊണ്ടുവരുകയാണ് സംയുക്ത അഭ്യാസങ്ങളുടെ പ്രധാന ലക്ഷ്യം.
സേനകളുടെ ആശയവിനിമയം ഓരോ രാജ്യത്തിനും വ്യത്യസ്തവും രഹസ്യവുമാണ്. അതും പല രീതികളിലാണ്. ഉപഗ്രഹങ്ങൾ, വയർലെസ്, പ്രത്യേക ശബ്ദങ്ങൾ എന്നിവവരെ ഉപയോഗിക്കും. അത് പരമരഹസ്യമാണ്. ഒരുമിച്ച് വരുമ്പോൾ ഉപയോഗിക്കാൻ പൊതുവായ ആശയവിനിമയമാർഗം ആവശ്യമാണ്. അത് വികസിപ്പിക്കപ്പെട്ടിട്ടുണ്ട്. യുദ്ധക്കപ്പലുകളിലെ നാവികർ ഇടയ്ക്കിടെ മാറും. പുതിയ ടീം വരുമ്പോഴും അവ തുടരണം. അതിനായി പ്രത്യേക ആശയവിനിമയ സംവിധാനം രൂപപ്പെടുത്തും. അവയും ഇടയ്ക്കിടെ പരിഷ്കരിക്കും. അവയുടെ പരീക്ഷണവും സംയുക്തദൗത്യങ്ങളിലെ അജണ്ടയാണ്.
വിവിധ രാജ്യങ്ങളുടെ വിമാനങ്ങൾ പറക്കാനും മറ്റും കോഡുണ്ടാകും. എങ്കിലേ ഒപ്പമുള്ളവരുടെ വിമാനം ഏത്, ശത്രുവിന്റെ വിമാനം ഏത് എന്നൊക്കെ തിരിച്ചറിയാൻ കഴിയൂ.
ചൈനയെ ഭയപ്പെടുത്തുകയോ മുന്നറിയിപ്പ് നൽകുകയോ ചെയ്യേണ്ട സ്ഥിതി ഇന്ത്യക്കും അമേരിക്കയ്ക്കുമുണ്ട്. അത്തരം സന്ദർഭങ്ങളിൽ സേനകൾ ഒരുമിക്കും. ചില കാര്യങ്ങൾ ചെയ്യരുതെന്ന് ചൈന പറയുന്നുണ്ടാകും. അതുതന്നെ ചെയ്യുമെന്ന് അറിയിക്കാനും അഭ്യാസങ്ങൾ നടത്തും. ഒരു വഴക്കിനെ വർദ്ധിപ്പിക്കാനോ കുറയ്ക്കാനോ ഇങ്ങനെ ചെയ്യും. എതിരാളിയെ പ്രകോപിപ്പിക്കലാണിത്. അല്ലാതെ മറ്റു രാജ്യങ്ങളെ ഒരുമിപ്പിച്ച് യുദ്ധം ചെയ്യുമെന്നല്ല.
യുദ്ധം എപ്പോഴും സംഭവിക്കാം. അതിന് ശത്രു എവിടെ നിൽക്കുന്നുവെന്ന് അറിയണം. ഇന്ത്യൻ മഹസമുദ്രത്തിൽ ചൈനക്ക് വലിയ സ്വാധീനമില്ല. ഇന്ത്യയ്ക്കുണ്ട്. അതു കാണിക്കാൻ കൂടി കഴിയും. ഇന്ത്യൻ മഹാസമുദ്രം ചൈനക്ക് നിർണായകമാണ്. എൺപത് ശതമാനം അവരുടെ അന്താരാഷ്ട്ര വ്യാപാരവും നടക്കുന്നത് ഇന്ത്യൻ മഹാസമുദ്രം വഴിയാണ്. അവിടെ ശക്തമായ സാന്നിദ്ധ്യം ഇന്ത്യയാണ്. അമേരിക്കയ്ക്കും സ്വാധീനമുണ്ട്. രണ്ടുപേരും ഒരുമിച്ച് ചൈനയെ നേരിടാൻ കഴിയുമെന്ന സൂചനയാണ്. വേണ്ടിവന്നാൽ ചൈനയെ നേരിടുമെന്ന സന്ദേശമാണ് നൽകിയത്.
(ഐ.എൻ.എസ് വെണ്ടുരുത്തി
മുൻ കമാൻഡിംഗ് ഓഫീസറാണ് ലേഖകൻ)