കൊച്ചി : സ്വർണക്കടത്തുമായി ബന്ധപ്പെട്ട് ഭീമ ജുവലറിക്കെതിരെ വ്യാജപ്രചരണം നടത്തുന്നവർക്കെതിരെ കേസെടുക്കണമെന്നും സോഷ്യൽ മീഡിയയിലെ അപവാദ പ്രചരണം തടയണമെന്നുമാവശ്യപ്പെട്ട് എം.ഡി ഡോ. ബി. ഗോവിന്ദൻ ഹൈക്കോടതിയിൽ ഹർജി നൽകി. അഭിഭാഷകനായ ഹരീഷ് വാസുദേവൻ, പാലക്കാട് സ്വദേശികളായ ടിറ്റോ ആന്റണി, ദിനേശ് ഗോപാലൻ, തിരുവനന്തപുരം കുടപ്പനക്കുന്ന് സ്വദേശി എസ്. ശ്യാംലാൽ, കൊല്ലം സ്വദേശി നിയാസ് ഭാരതി തുടങ്ങിയ വ്യക്തികളെയും രണ്ട് ഒാൺലൈൻ മാദ്ധ്യമങ്ങളെയും എതിർ കക്ഷികളാക്കിയാണ് ഹർജി.

യു.എ.ഇ കോൺസുലേറ്റിന്റെ ദിനാചരണ ചടങ്ങിലേക്ക് സംഘാടകർ ക്ഷണിച്ചതിനെത്തുടർന്ന് പ്രമുഖ വ്യക്തികൾക്കൊപ്പം ഹർജിക്കാരനും പങ്കെടുത്തിരുന്നു. ഇതു ചൂണ്ടിക്കാട്ടിയാണ് സ്വർണക്കടത്തിൽ ഭീമ ജുവലറിക്ക് പങ്കുണ്ടെന്ന വ്യാജ ആരോപണം ഫേസ്ബുക്കിലൂടെ പ്രചരിപ്പിക്കുന്നതെന്നു ഹർജിയിൽ പറയുന്നു. ഭീമയുടെ ലോഗോ വ്യാജമായി ചമച്ചും ഇതിൽ മുഖ്യമന്ത്രിയുടെ ചിത്രം ചേർത്തുവെച്ചും സോഷ്യൽ മീഡിയയിൽ പ്രചാരണമുണ്ട്. ഇത്തരം വ്യാജസന്ദേശങ്ങൾ സ്ഥാപനത്തിന്റെ സൽപേരിനെ പ്രതികൂലമായി ബാധിക്കുന്നുണ്ടെന്നും ഹർജിയിൽ പറയുന്നു.

സംഭവത്തെത്തുടർന്ന് തിരുവനന്തപുരം ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകിയിരുന്നു.