കൊച്ചി: സംസ്ഥാനത്തെ വ്യവസായവളർച്ചക്ക് നിർണായക പങ്കുവഹിക്കുന്ന കൊച്ചി തുറമുഖത്തിന്റെ വികസനത്തിന് കേന്ദ്ര- സംസ്ഥാന സർക്കാരുകൾ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ഗ്രേറ്റർ കൊച്ചിൻ ഡവലപ്മെന്റ് വാച്ച് കേന്ദ്രസമിതി ആവശ്യപ്പെട്ടു. ബങ്കറിംഗിലും ക്രൂചേഞ്ചിംഗിലും ഈ വർഷം കൊച്ചി തുറമുഖം മികച്ചനേട്ടം കൈവരിച്ചുവെന്നത് ഏറെ പ്രതീക്ഷ നൽകുന്നതാണ്. സുരക്ഷിതവും പ്രകൃതിദത്തവുമായ തുറമുഖം തകർച്ചയിൽ നിന്ന് കരകയറുന്നതിന്റെ സൂചനയാണിത്. അനുകൂല സാഹചര്യങ്ങൾ മുതലാക്കിയാൽ ഈ പൗരാണിക തുറമുഖം കണ്ടെയ്നർ ട്രാൻസ്ഷിപ്പുമെന്റ് ഹബ്ബാക്കി മാറ്റാം. അറബിക്കടലിന്റെ തീരത്തെ സുരക്ഷിത തുറമുഖം എന്ന സാദ്ധ്യതകൂടി പ്രയോജനപ്പെടുത്തി വികസനം നടപ്പാക്കിയാൽ ദുബായ്, സിംഗപ്പൂ‌‌ർ, കൊളംബോ തുറമുഖങ്ങളെ പിന്തള്ളി കൊച്ചിക്ക് വലിയ നേട്ടങ്ങളുണ്ടാക്കാനുമാകും. അതുകൊണ്ട് കേന്ദ്രസർക്കാരിൽ ആവശ്യമായ സമ്മർദം ചെലുത്തി തുറമുഖത്തിന്റെ വളർച്ചയ്ക്ക് ആവശ്യമായ നടപടി സ്വീകരിക്കാൻ സംസ്ഥാന സർക്കാർ തയ്യാറാകണമെന്നും സമിതി ആവശ്യപ്പെട്ടു. പ്രസിഡന്റ് ഫെലിക്സ് ജെ. പുല്ലൂടൻ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ജോർജ് കാട്ടുനിലത്ത്, പി.എ. ഷാനാവാസ്, സ്റ്റാൻലി പൗലോസ്, വി.ജെ. പൈലി, പ്രൊഫ. എ.ജെ. പോളികാർപ്, അഡ്വ. എബനേസർ ചുള്ളിക്കാട്ട്, ഡോ. ശ്രീകുമാർ, പ്രമോദ് തുമ്മാരുകുടി എന്നിവ‌ർ പ്രസംഗിച്ചു.