cheruvalli-estate-

കൊച്ചി: ശബരിമല ഗ്രീൻഫീൽഡ് വിമാനത്താവളത്തിന് കാഞ്ഞിരപ്പള്ളിയിലെ ചെറുവള്ളി എസ്റ്റേറ്റ് ഏറ്റെടുക്കുന്നതിനെതിരായ ഹർജി മറുപടി സത്യവാങ്മൂലം സമർപ്പിക്കാനും വിശദീകരണം നൽകാനും സർക്കാർ കൂടുതൽ സമയം തേടിയതിനെത്തുടർന്ന് ആഗസ്റ്റ് 11ലേക്ക് മാറ്റി. ഭൂമി ഏറ്റെടുക്കുന്ന നടപടികളുടെ സ്റ്റേയും ആഗസ്റ്റ് 11 വരെ നീട്ടി. സർക്കാർ ഭൂമി ഏറ്റെടുക്കലിനെതിരെ നേരത്തെ ഗോസ്‌പൽ ഫോർ ഏഷ്യ എന്ന് അറിയപ്പെട്ടിരുന്ന അയന ചാരിറ്റബിൾ ട്രസ്റ്റ് നൽകിയ ഹർജിയാണ് ഹൈക്കോടതി പരിഗണനയിലുള്ളത്.

ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച് തർക്കങ്ങളുള്ളതിനാൽ ഭൂമി ഏറ്റെടുക്കൽ നിയമത്തിലെ വ്യവസ്ഥയനുസരിച്ച് കോടതിയിൽ നഷ്ടപരിഹാരത്തുക കെട്ടിവച്ചാണ് സർക്കാർ ഏറ്റെടുക്കൽ നടപടികൾ സ്വീകരിച്ചത്. ഭൂമിയിൽ സർക്കാരിന് ഉടമസ്ഥാവകാശമില്ലാത്തതിനാലാണ് തുക കെട്ടിവച്ചതെന്നും ഭൂമി ഏറ്റെടുക്കാനുള്ള സർക്കാർ നടപടി നിയമവിരുദ്ധമാണെന്നും ഹർജിക്കാർ വാദിച്ചു. ഹർജിക്കാർക്കുവേണ്ടി സുപ്രീംകോടതി അഭിഭാഷകനാണ് ഹാജരായത്. കേസിൽ കക്ഷിചേരാനും ചിലർ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.