കൊച്ചി: കേന്ദ്ര- സംസ്ഥാന സർക്കാർ സേവനങ്ങൾ ഓൺലൈനിലേക്ക് പൂർണമായും മാറ്റിയതോടെ കൃത്യമായ രജിസ്‌ട്രേഷനോ സേവനകേന്ദ്ര ഐ.ഡി നമ്പറോ ഇല്ലാതെ ഇ സേവന കേന്ദ്രങ്ങൾ ദിനംപ്രതി മുളച്ചുപൊന്തുന്നു. സംസ്ഥാന ഐ.ടി. മിഷന്റെയോ കേന്ദ്ര കോമൺ സർവീസ് സെന്ററുകളുടെയോ പ്രവർത്താനാനുമതി ഇല്ലാതെയാണ് ഭൂരിപക്ഷം കേന്ദ്രങ്ങളും പ്രവർത്തിക്കുന്നത്. പ്ലസ് വൺ, കോളേജ് പ്രവേശന നടപടികൾ ഉൾപ്പെടെ സേവനങ്ങൾ ഇവർ വാഗ്ദാനം ചെയ്യുന്നുണ്ട്.
വിവിധ സ്ഥലങ്ങളിൽ ഫ്രാഞ്ചൈസികളെ ഉപയോഗിച്ചും കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നുണ്ട്. ലക്ഷങ്ങൾ മുടക്കി ഫ്രാഞ്ചൈസി എടുത്ത ശേഷമാവും കബളിക്കപ്പെട്ടതായി പലരും തിരിച്ചറിയുക. 50,000 മുതൽ ഒരു ലക്ഷം രൂപ വരെയാണ് ഒരു ഫ്രാഞ്ചൈസിക്ക് ഈടാക്കുന്നത്.
ജില്ലയിൽ 257 അക്ഷയ കേന്ദ്രങ്ങളും കേന്ദ്ര സർക്കാരിന്റെ അനുമതിയോടെ 257 സി.എസ്.സി. കേന്ദ്രങ്ങളും പ്രവർത്തിക്കുന്നുണ്ട്. ഇതിന് പുറമെയാണ് ഇ നെറ്റ്, ഇ മിത്ര, ഇ സേവ തുടങ്ങിയ പേരുകളിൽ കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നത്. കോമൺ സർവീസ് സെന്ററുകളുടെ മറവിലാണ് ഇത്തരം കേന്ദ്രങ്ങളുടെ പ്രവർത്തനം. തൊട്ടടുത്തായിഒന്നിൽ കൂടുതൽ ജനസേവന കേന്ദ്രങ്ങളുണ്ടാവുന്ന സ്ഥിതിയായി. അക്ഷയ ഉൾപ്പെടെ കോമൺ സർവീസ് സെന്ററുകൾ തമ്മിൽ ഒരു കിലോമീറ്റർ അകലം പാലിക്കണമെന്ന നിർദേശം നിലനിൽക്കെയാണിത്.
ഓരോ ആൾക്കും സ്വയം അധാർ കാർഡ് ഉപയോഗിച്ച് പബ്ലിക് പോർട്ടൽ വഴിയുള്ള സേവനങ്ങൾ ഉപയോഗിക്കാമെന്നതാണ് ദുരുപയോഗം ചെയ്യുന്നത്. വാണിജ്യാടിസ്ഥാനത്തിൽ പോർട്ടൽ ഉപയോഗിക്കരുതെന്ന് സർക്കാർ നിർദേശമുണ്ട്. ഇവ ഇത്തരം കേന്ദ്രങ്ങൾ പാലിക്കുന്നില്ല.
സ്വകാര്യ വിവരങ്ങൾ ചോരുമെന്ന് ആശങ്ക
കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ അംഗീകാരമുണ്ടെന്ന പ്രചരണത്തോട നടത്തുന്ന സ്ഥാപനങ്ങളിൽ നിന്ന് സ്വകാര്യവിവരങ്ങൾ ചോരുമെന്ന ആശങ്കയുമുണ്ട്. ആധാർകാർഡ്, റേഷൻകാർഡ്, പാൻകാർഡ്, മൊബൈൽ നമ്പർ തുടങ്ങിയ രേഖകളോടൊപ്പം നൽകുന്ന ഫോട്ടോവരെ സുരക്ഷിതമല്ല. ഡാറ്റകൾ ഇൻഷ്വറൻസ് കമ്പനികൾ, പരസ്യക്കമ്പനികൾ, ട്രാവൽ ഏജൻസികൾ എന്നിവയ്ക്കു നൽകുന്നുവെന്ന് കണ്ടെത്തിയിരുന്നു. ജൂലായ് മുതലുള്ള മാസങ്ങളിൽ അക്ഷയ കേന്ദ്രങ്ങളിൽ പൊതുവെ തിരക്കായിരിക്കും. അതിനാൽ വിദ്യാർത്ഥികൾ കൂട്ടത്തോടെ ഇത്തരം കേന്ദ്രങ്ങളിലേക്കും പോകുന്നുണ്ട്.
സൽജിത്ത് പട്ടത്താനം,
സെക്രട്ടറി
അക്ഷയ എൻട്രപ്രണേഴ്‌സ് വെൽഫെയർ അസോസിയേഷൻ
പഞ്ചായത്ത് അധികൃതർക്ക്
നോട്ടീസ് അയച്ചിരുന്നു
ഐ.ടി. മിഷന്റെ അംഗീകാരമില്ലാതെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ കർശന നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ജില്ലയിലെ പഞ്ചായത്ത്, നഗരസഭ അധികൃതർക്ക് നിർദേശം നൽകിയിട്ടുണ്ട്. ഇത്തരം സ്ഥാപനങ്ങളെക്കുറിച്ച് കൃത്യമായി അറിവുകിട്ടിയാൽ പൊലീസിനെ സമീപിക്കാം. ഇത്തരം കേന്ദ്രങ്ങളുടെ പ്രവർത്തനത്തെ സർക്കാർ കർശനമായി തടഞ്ഞിട്ടുണ്ട്.
വിഷ്ണു കെ. മോഹൻ
ഐ.ടി. മിഷൻ കോ ഓർഡിനേറ്റർ
എറണാകുളം