തൃപ്പൂണിത്തുറ: കുട്ടിക്കഥകൾ മുതൽ പാചകം വരെ. യൂട്യുബിൽ ഹൃദയം കീഴടക്കി അഞ്ചുവയസുകാരി കുഞ്ഞു തീർത്ഥ. കേട്ട് പഠിച്ച കഥകളും കവിതകളുമാണ് തന്റെ യൂട്യൂബ് ചാനലിലൂടെ കൊച്ചുമിടുക്കി പങ്കുവയ്ക്കുന്നത്. വേറിട്ട അവതരണ ശൈലിയാണ് കുട്ടികൾ മുതൽ മുതിർന്നവരെ വരെ ആകർഷിക്കുന്നത്. തൃപ്പൂണിത്തുറ ഗണപതിമഠത്തിൽ അഭിഭാഷകനായ വിവേക് വിജയന്റെയും ഭാരത് മാതാ കോളേജിലെ അദ്ധ്യാപികയായ സൗമ്യയുടെയും മകളായ തീർത്ഥ മരട് കിഡ്‌സ് വേൾഡ് കിന്റർഗാർഡൻ വിദ്യാർത്ഥിയാണ്.
ചെറുപ്പം മുതൽ തന്നെ കഥകൾ കേൾക്കാൻ താല്പര്യം പ്രകടിപ്പിച്ചിരുന്ന തീർത്ഥ ഇതെല്ലാം ഹൃദിസ്ഥമാക്കുയും പിന്നീട് മറ്റുള്ളവരോട് പറയുകയും ചെയ്തിരുന്നു. നന്നായി കഥകൾ പറയുന്നത് ശ്രദ്ധയിൽ പെട്ടതോടെയാണ് രണ്ടു മാസം മുമ്പ് മാതാപിതാക്കൾ യുട്യൂബിൽ കിഡ്സ് ചാനൽ ആരംഭിച്ചത്. കൊച്ചുമിടുക്കിയുടെ കഥകളെല്ലാം ഇപ്പോൾ വൈറലാണ്. കുഞ്ഞുണ്ണി മാഷിന്റെ 35 ലധികം കവിതകൾ ഇതിനകം തീർത്ഥ കുട്ടികൾക്കായി പരിചയപ്പെടുത്തി കഴിഞ്ഞു. എഴുത്തുകാരൻ ആനന്ദ് നീലകണ്ഠൻ ബാഹുബലി സിനിമയെ ആസ്പദമാക്കിയെഴുതിയ ശിവകാമിയുടെ ഉദയം എന്ന പുസ്തകം യുട്യൂബ് ചാനലിലൂടെ പരിചയപ്പെടുത്തിയതിന് അദ്ദേഹം തീർത്ഥയെ കഴിഞ്ഞ ദിവസം ഫേസ്‌ബുക്കിലെ കുറിപ്പിലൂടെ അഭിനന്ദിച്ചിരുന്നു.