അതിവേഗം വ്യാപിക്കുന്ന കൊവിഡിന്റെ ഭീതിയിലും പ്ളസ് വൺ പരീക്ഷയിൽ സംസ്ഥാനത്തെ ഏറ്റവുമധികം വിജയം നേടിയ ജില്ലയെന്ന പ്രശസ്തി എറണാകുളത്തിന് സ്വന്തം ! ഡോക്ടർമാർ ഉൾപ്പെടെ ആരോഗ്യപ്രവർത്തകർക്കും രോഗം ബാധിച്ചതോടെ ആലുവ നഗരം പൂർണമായി അടച്ചു. മാർക്കറ്റുകളെല്ലാം അടിച്ചിട്ടിരിക്കുകയാണ്. ആലുവയുടെ കിഴക്കൻ മേഖലയായ കീഴ്മാട് പൂർണമായും അടച്ചു. കീഴ്മാടിലെ കൊവിഡ് ഉത്ഭവകേന്ദ്രം വളയിടൽ ചടങ്ങ് നടന്ന ഒരു വീടാണെന്ന് കണ്ടെത്തിയിട്ടുണ്ട്. വിവാഹത്തിന് മുന്നോടിയായാണ് ചടങ്ങ് സംഘടിപ്പിച്ചത്. ലോക്ക് ഡൗൺ മാനദണ്ഡങ്ങൾ ലംഘിച്ച് ജൂൺ 26 ന് നടന്ന ചടങ്ങിൽ 89 പേർ പങ്കെടുത്തിരുന്നു. ഇവരിൽ കരാറുകാരനായ ഒരാൾ കൊവിഡ് ബാധിതനായിരുന്നു. ഇവരിൽ നിന്ന് നിരവധിപേർക്ക് രോഗം പടർന്നു. കീഴ്മാടിന് പുറമെ എടത്തല, കോതമംഗലം, കവളങ്ങാട് തുടങ്ങിയ സ്ഥലങ്ങളിൽ നിന്ന് വന്നവർക്കും രോഗം പടർന്നു. ഇരുനൂറിലേറെപ്പേർ ഇവരുടെ സമ്പർക്ക പട്ടികയിലുണ്ട്. ചടങ്ങിൽ പങ്കെടുത്ത 89 പേർക്കെതിരെ കൊവിഡ് പ്രോട്ടോക്കോൾ ലംഘിച്ചതിന് പൊലീസ് കേസെടുത്തിട്ടുണ്ട്. ജാമ്യം ലഭിക്കുമെങ്കിലും കോടതിയിൽ പിഴ നൽകേണ്ടിവരും.
ആലുവ, കീഴ്മാട് ക്ളസ്റ്ററുകളുടെ സമീപ പഞ്ചായത്തുകളായ ചൂർണിക്കര, ആലങ്ങാട്, കരുമാല്ലൂർ, എടത്തല, കടുങ്ങല്ലൂർ, ചെങ്ങമനാട് എന്നിവിടങ്ങളിലേക്ക് രോഗം വ്യാപിക്കുന്നതായി ജില്ലാ അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഈ പഞ്ചായത്തുകളിൽ നിരവധി വാർഡുകൾ ഇപ്പോൾ കണ്ടെയ്ൻമെന്റ് മേഖലയാക്കി അടച്ചിട്ടിരിക്കുകയാണ്.
കടലിനും കൊവിഡിനുമിടയിൽ ചെല്ലാനം
തീരദേശ ഗ്രാമമായ ചെല്ലാനത്ത് സ്ഥിതി കുറെക്കൂടി രൂക്ഷമാണ്. ആലപ്പുഴ ജില്ലയോട് ചേർന്ന പ്രദേശമാണിത്. തൊഴിലുറപ്പ് തൊഴിലാളിയായ സ്ത്രീയ്ക്കാണ് ആദ്യം രോഗം സ്ഥിരീകരിച്ചത്. ഭർത്താവ് ചെല്ലാനം ഹാർബറിലെ തൊഴിലാളിയുമാണ്. സ്ത്രീയും ഹാർബറിൽ എത്തിയിരുന്നു. ആലപ്പുഴ ജില്ലയിലെ അരൂർ മേഖലയിൽ ജോലി ചെയ്യുന്നവർ വഴിയും രോഗം ചെല്ലാനത്തെത്തിയെന്നാണ് നിഗമനം. നൂറോളം പേരാണ് ഒരാഴ്ചയ്ക്കിടെ രോഗബാധിതരായത്. കൊവിഡ് ഫസ്റ്റ്ലൈൻ കെയർ സെന്റർ തുറന്ന് ചികിത്സ ഉൾപ്പെടെ സൗകര്യങ്ങൾ ഒരുക്കിയെങ്കിലും സ്ഥിതി രൂക്ഷമായി തുടരുകയാണ്.
കൊവിഡിന് പിന്നാലെ കടൽ കരയിലേക്ക് കയറി കിടപ്പാടം വെള്ളം കയറുന്ന ദുരിതവും ഏതാനും ദിവസമായി ചെല്ലാനം നിവാസികൾ നേരിടുകയാണ്. കലിതുള്ളി കയറുന്ന വെള്ളം തീരത്തുനിന്ന് ഒരു കിലോമീറ്ററിലേറെ കയറി. അഞ്ഞൂറിലേറെ വീടുകളിൽ വെള്ളം കയറി. ചെല്ലാനത്തിന്റെ സമീപപ്രദേശമായ കണ്ണമാലി വരെ കടൽ കയറി. തോടുകളിലും മറ്റും വെള്ളം ഇരച്ചുകയറി നിരവധി വീടുകൾ വെള്ളത്തിലായി. രണ്ടു ക്യാമ്പുകൾ തുറന്ന് ജനങ്ങളെ മാറ്റിപ്പാർപ്പിച്ചിരിക്കുകയാണ്. ഇവർക്ക് ഭക്ഷണം ഉൾപ്പെടെ നൽകുന്നതിന് പൊലീസും റവന്യൂ അധികൃതരും രംഗത്തുണ്ട്. അരിയും ഭക്ഷ്യധാന്യങ്ങളും നൽകാൻ സർക്കാർ നിർദ്ദേശിച്ചിട്ടുണ്ട്. കൊവിഡ് നിരീക്ഷണത്തിൽ കഴിയുന്നവർക്ക് പ്രത്യേക കേന്ദ്രവും ആരംഭിച്ചിട്ടുണ്ട്.
എറണാകുളം മാർക്കറ്റ് വീണ്ടും തുറന്നു
എറണാകുളം മാർക്കറ്റ് ഇരുപത് ദിവസത്തിനുശേഷം ഭാഗികമായി വീണ്ടും തുറന്നു. മാർക്കറ്റ് റോഡിലെ ഒരു സ്ഥാപനത്തിലെ കാസർകോട് സ്വദേശിയായ ഡ്രൈവർക്ക് രോഗം ബാധിച്ചതിനെ തുടർന്നാണ് സംസ്ഥാനത്തെ തന്നെ ഏറ്റവും വലിയ വ്യാപാര മേഖലയായ എറണാകുളം മാർക്കറ്റ്, ബ്രോഡ്വേ പ്രദേശങ്ങൾ അടച്ചത്. ഈ മേഖലയിൽ മാത്രം ആറോളം പേർക്ക് രോഗം ബാധിച്ചു. ഒരു വ്യാപാരി മരിക്കുകയും ചെയ്തതോടെ കർശനമായ ലോക്ക് ഡൗണാണ് ഇവിടങ്ങളിൽ ഏർപ്പെടുത്തിയത്. നിരവധി വ്യാപാരശാലകൾ അടച്ചിട്ടു. ഏഴു ദിവസമെന്ന സാധാരണ കാലവാധി കഴിഞ്ഞെങ്കിലും ഇളവ് നൽകാൻ അധികൃതർ തയ്യാറായില്ല. വ്യാപാരികളും കയറ്റിറക്കു തൊഴിലാളികളും ജീവനക്കാരുമുൾപ്പെടെ പതിനായിരത്തോളം പേർ ഇവിടങ്ങളിൽ പ്രവർത്തിക്കുന്നുണ്ട്. വ്യാപാരികളുടെ ആവശ്യം പരിഗണിച്ച് നിബന്ധനകളോടെയാണ് വീണ്ടും കടകൾ തുറക്കാൻ അനുവദിച്ചത്. ഒന്നിടവിട്ട ദിവസങ്ങളിൽ നിശ്ചിത റോഡുകളിലെ ഒരു വശത്തെ വീതം കടകളാണ് തുറക്കുക.
പ്ളസ് ടുവിൽ മിന്നിത്തിളങ്ങി
പ്ളസ് ടു പരീക്ഷാഫലം ജില്ലയ്ക്ക് സമ്മാനിച്ചത് ഒന്നാംറാങ്കിന്റെ തിളക്കമാണ്. സംസ്ഥാനത്ത് ഏറ്റവുമധികം വിജയം നേടിയത് എറണാകുളം ജില്ലയാണ്. 89.02 ശതമാനം വിജയം. പരീക്ഷ എഴുതിയ 31,700 ൽ 28,220 പേരും ഉന്നതപഠനത്തിന് യോഗ്യത നേടി. മുഴുവൻ വിഷയങ്ങൾക്കും 1,909 പേർ വിജയികളായി. ടെക്നിക്കൽ ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി, ഓപ്പൺ സ്കൂൾ വിഭാഗങ്ങളിലും മികച്ച വിജയമാണ് ജില്ല നേടിയത്.
കഴിഞ്ഞ വർഷം ഹയർ സെക്കൻഡറിയിൽ നാലാം സ്ഥാനത്തായിരുന്നു എറണാകുളം. നാലു ശതമാനം വിജയം വർദ്ധിച്ചാണ് ഇക്കുറി ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. കൊവിഡ് ഭീതിക്കിടയിലും മികച്ച വിജയം നേടിയതിന്റെ സന്തോഷത്തിലാണ് വിദ്യാർത്ഥികളും അദ്ധ്യാപകരും.