ngounion
മാപ്പിള പാറയിലെ ആദിവാസികൾ ശിൽപകലാവൈഭവത്തോടെ നിർമ്മിച്ച മുള പാഠശാല ......

മൂവാറ്റുപുഴ: പൂയംകുട്ടി വനമേഖലയിലെ ശൂലമുടിക്ക് സമീപമുളള മാപ്പിളപ്പാറ, മീങ്കുളം പട്ടികവർഗ സങ്കേതങ്ങളിലെത്തിയാൽ ഒരപൂർവ കാഴ്ച കാണാം. മുളയും ഈറ്റയും മാത്രം ഉപയോഗിച്ച് പരമ്പരാഗത രീതിയിൽ മനോഹരമായി നിർമ്മിച്ചിരിക്കുന്ന പഠനകേന്ദ്രം ശ്രദ്ധേയമാവുയാണ്. പഠന കേന്ദ്രത്തിൽ ക്ലാസ് മുറി മാത്രമല്ല കുട്ടികൾക്ക് ഇരിക്കാൻ ബെഞ്ചും ഡസ്‌കുകളും ടിവിയും മേശയും എല്ലാം മുളയിൽ തീർത്തതാണ്.

16 ആദിവാസികുട്ടികൾക്ക് പഠിക്കുന്നതിനായി കുടിയിലെ താമസക്കാർ തന്നെയാണ് സീറോ ബഡ്ജറ്റിൽ പ്രകൃതി സൗഹൃദ പഠനകേന്ദ്രം ഒരുക്കിയത്. കാട്ട് മണ്ണ് മെഴുകിയ തറയിലിരുന്ന് കുട്ടികൾ പഠിക്കുന്നതെന്ന് അറിഞ്ഞതോടെ കാടിന്റെ മക്കൾക്ക് ഇരുന്ന് പഠിക്കാനുളള സൗകര്യം ഒരുക്കണമെന്ന് എൻ.ജി.ഒ യൂണിയൻ ജില്ലാ സെക്രട്ടറി കെ.കെ സുനിൽ കുമാർ ബന്ധപ്പെട്ടവർക്ക് നിർദ്ദേശം നൽകി.

വൈദ്യുതിയോ ആധുനിക വിവരവിനിമയ സംവിധാനങ്ങളോ ഇല്ലാത്ത മീങ്കുളത്തും മാപ്പിളപ്പറയിലും സുമനസുകളുടെ സഹകരണത്തോടെ സൗരോർജ സംവിധാനത്തോടേയാണ് കേരള എൻ.ജി.ഒ യൂണിയൻ ജില്ലാ കമ്മിറ്റി ഓൺലൈൻ പഠനകേന്ദ്രം ഒരുക്കാൻ നേതൃത്വം നൽകിയത്. ജില്ല എംപ്ലോയീസ് സഹകരണ സംഘം, ഹൗസിങ് സഹകരണ സംഘം എന്നീ സ്ഥാപനങ്ങളാണ് പാഠശാലയിൽ കുട്ടികൾക്ക് ഇരുന്ന് പഠിക്കാൻ ബെഞ്ചും ഡെസ്‌കും നൽകിയത്. യൂണിയൻ ജില്ലാ സെക്രട്ടറി കെ.കെ സുനിൽ കുമാർ കുഞ്ചിപാറ കാണിക്കാരൻ അല്ലി കൊച്ചലങ്കാരനാണ് കൈമാറിയത്.സാന്ത്വന പ്രവർത്തനങ്ങളുടെ ഭാഗമായി കുഞ്ചിപ്പാറ പട്ടികവർഗ സങ്കേതത്തിലെ രണ്ട് കേന്ദ്രങ്ങളിലും, മാപ്പിളപ്പാറ,മീങ്കുളം പട്ടികവർഗ സങ്കേതങ്ങളിലും ജൂൺ ആദ്യവാരം തന്നെ ഓഫ് ലൈനായ കാടിന്റെ മക്കളെ ഓൺലൈനാക്കാൻ യൂണിയൻ ജില്ലാ കമ്മറ്റി പ്രവർത്തനം ആരംഭിച്ചിരുന്നു. മാപ്പിള പാറയിലെ പട്ടികവർഗക്കാരുടെ ശില്പകലാവൈഭവത്തിന്റെ നേർസാക്ഷ്യമാണ് ഇവിടെയുള്ള മുള പാഠശാല.