ആലുവ: കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് സംസ്കാര ചടങ്ങ് നടത്തിയ സംഭവത്തിൽ വീട്ടുകാരും ബന്ധുക്കളും ഉൾപ്പടെ 45 പേർക്കെതിരെ പൊലീസ് കേസ് എടുത്തു. കണ്ടെയ്മെന്റ് സോണായ തോട്ടക്കാട്ടുകര 26ാം വാർഡിൽ മരിച്ച വയോധികയുടെ അന്തിമോപചാര ചടങ്ങാണ് മാനദണ്ഡങ്ങൾ പാലിക്കാതെ നടത്തിയത്.തോട്ടക്കാട്ടുകര സ്വദേശിനിയായ 72 കാരി വെള്ളിയാഴ്ച്ച വൈകിട്ടാണ് മരിച്ചത്. ആറ് മണിയോടെ മൃതദേഹം കബറടക്കി. മകനും പേരക്കുട്ടിയ്ക്കും കൊവിഡ് പോസിറ്റീവാണെന്ന പരിശോധനാഫലം ഏഴ് മണിയോടെ എത്തിയതോടെ ഇരുവരേയും ക്വാറന്റൈൻ കേന്ദ്രത്തിലേയ്ക്ക് മാറ്റി. പനി ബാധിതയായിരുന്ന വൃദ്ധയെ കൊവിഡ് പരിശോധന നടത്തണമെന്ന പാലിയേറ്റീവ് നേഴ്സിന്റെ നിർദ്ദേശം വീട്ടുകാർ അവഗണിക്കുകയും ചെയ്തു. മാത്രമല്ല, മരണ വിവരമറിഞ്ഞ് വീട്ടിലെത്തിയവരോട് കൊവിഡ് പരിശോധന കഴിഞ്ഞ് റിസൾട്ടിനായി കാത്തിരിക്കുകയാണെന്ന വിവരം അറിയിക്കാതെ ഇടപഴകുകയും ചെയ്തു. ഈ സാഹചര്യത്തിൽ വാർഡ് കൗൺസിലർ ഉൾപ്പെടെ നിരവധി പേർ നിരീക്ഷണത്തിൽ പോകേണ്ടിവന്നു. കണ്ടെയ്ൻമെന്റ് സോണിലെ മരണവിവരം നഗരസഭ അധികൃതരെ അറിയിച്ചില്ലെന്നാണ് ചെയർപേഴ്‌സൺ പറയുന്നത്. എന്നാൽ വാർഡ് കൗൺസിലറടക്കം ഏറെ നേരം മരണവീട്ടിലുണ്ടായിരുന്നതായാണ് വിവരം. സർക്കാർ ഉത്തരവ് ലംഘിച്ചതിനും സാമൂഹ്യ അകലം പാലിക്കാത്തത്തകും ചേർത്താണ് കേസ് എടുത്തിരിക്കുന്നതെന്ന് സി.ഐ. എൻ. സുരേഷ്‌കുമാർ പറഞ്ഞു. സമീപത്തെ വീഡിയോദൃശ്യങ്ങൾ ശേഖരിച്ച് കൂടുതൽ പേരുണ്ടെങ്കിൽ അവർക്കെതിരെയും കേസെടുക്കുമെന്നും അറിയിച്ചു.
കൗൺസിലർക്കെതിരെ
കേസെടുക്കണമെന്ന്
ആലുവ നഗരസഭ 26ാം വാർഡിൽ കൊവിഡ് മാനദണ്ഡം ലംഘിച്ച് മരണാനന്തര ചടങ്ങ് സംഘടിപ്പിച്ചതിൽ വാർഡ് തല ജാഗ്രത സമിതി ചെയർമാനായ വാർഡ് കൗൺസിലർക്കും ഗുരുതരമായ വീഴ്ച്ച സംഭവിച്ചതായി പ്രതിപക്ഷ നേതാവ് രാജീവ് സക്കറിയ ആരോപിച്ചു.
ജാഗ്രത സമിതിയിലെ മറ്റ് അംഗങ്ങളെയോ ആരോഗ്യ പ്രവർത്തകരെയോ മരണവിവരം അറിയിച്ചില്ല.മരണം നടന്നാൽ സ്രവ പരിശോധന നടത്തണമെന്ന നിയമം പാലിക്കാതെ രണ്ട് മണിക്കുറിനുള്ളിൽ മൃതദേഹം കബറടക്കി. മരണാനന്തരചടങ്ങിൽ 200ൽ അധികം ആളുകൾ ഒത്തുകൂടിയെങ്കിലും 48 പേർ മാത്രമാണ് പങ്കെടുത്തതെന്നാണ് കൗൺസിലർ നഗരസഭ ആരോഗ്യ വിഭാഗത്തെ അറിയിച്ചത്. ചടങ്ങിൽ പങ്കെടുത്ത മുഴുവനാളുകളെയും കണ്ടെത്തി സ്രവ പരിശോധന നടത്തണമെന്നും ആരോഗ്യ വിഭാഗത്തെ തെറ്റിദ്ധരിപ്പിച്ച വാർഡ് കൗൺസിലർക്ക് എതിരെ പൊലീസ് കേസെടുക്കണമെന്നും രാജീവ് സക്കറിയ ആവശ്യപ്പെട്ടു.