swapna

ബാങ്കുകളിലും മറ്റും വൻ നിക്ഷേപം

പ്രതികൾ ജൂലായ് 24 വരെ വീണ്ടും കസ്റ്റഡിയിൽ

കൊച്ചി: നയതന്ത്ര ചാനലിലൂടെ സ്വർണം കടത്തിയ കേസിലെ രണ്ടാംപ്രതി സ്വപ്‌ന സുരേഷ് കള്ളക്കടത്തിലൂടെ നേടിയ വൻ സമ്പത്ത് ഭീകരപ്രവർത്തനത്തിന് ഉപയോഗിച്ചതായി ദേശീയ അന്വേഷണ ഏജൻസി സൂചിപ്പിച്ചത് പുതിയ വിവാദത്തിന് കളമൊരുക്കി.

സ്വപ്‌ന സുരേഷിനെയും നാലാംപ്രതി സന്ദീപ് നായരെയും ഇന്നലെ എൻ.ഐ.എ കോടതിയിൽ ഹാജരാക്കിയപ്പോൾ സമർപ്പിച്ച കസ്റ്റഡി റിപ്പോർട്ടിലാണ് അമ്പരപ്പിക്കുന്ന വിവരം. സ്വപ്നയ്‌ക്ക് ബാങ്കുകളിലും മറ്റിടപാടുകളിലുമായി വൻ സാമ്പത്തിക നിക്ഷേപമുണ്ടെന്നും കള്ളക്കടത്തിലൂടെ ലഭിച്ച സമ്പത്ത് പലമാർഗങ്ങളിലൂടെ ഭീകരപ്രവർത്തനങ്ങൾക്കു ഫണ്ട് ചെയ്യാൻ ഉപയോഗിച്ചതായി സംശയിക്കുന്നുവെന്നും കസ്റ്റഡി റിപ്പോർട്ടിൽ പറയുന്നു. ഇതോടെ ഉന്നതങ്ങളിലെ സ്വാധീനത്തിന്റെ മറവിൽ നയതന്ത്രചാനലിലൂടെ വരെ സ്വർണം കടത്തിയും മറ്റും സമ്പത്ത് വാരിക്കൂട്ടിയ സ്വപ്നയുടെയും കൂട്ടാളികളുടെയും ഭീകരബന്ധങ്ങളിലേക്കാണ് എൻ. ഐ. എ അന്വേഷണം എത്തുന്നത്.

രാജ്യത്തിന്റെ സാമ്പത്തിക സുരക്ഷയെ തകർക്കുന്ന വൻ സ്വർണക്കടത്താണ് പ്രതികൾ നടത്തിയിരുന്നത്. ഇതിന്റെ സൂത്രധാരൻ കസ്റ്റംസ് അറസ്റ്റുചെയ്ത പെരിന്തൽമണ്ണ സ്വദേശി കെ.ടി. റമീസാണ്. ഇയാളെ കോടതിയുടെ അനുമതിയോടെ എൻ.ഐ.എ അറസ്റ്റുചെയ്ത് ചോദ്യംചെയ്യും.

സ്വർണ്ണക്കടത്ത് യു.എ.ഇയുമായുള്ള നയതന്ത്ര ബന്ധത്തിനും ഇന്ത്യയുടെ സാമ്പത്തിക സുരക്ഷയ്ക്കും പ്രത്യാഘാതമുണ്ടാക്കും. മറ്റു പ്രതികളെയും കള്ളക്കടത്തിന്റെ നേട്ടം ലഭിച്ചവരെയും കണ്ടെത്തണം. ചോദ്യംചെയ്യലും തെളിവെടുപ്പും പൂർത്തിയാകാത്തതിനാൽ രണ്ടു പ്രതികളെയും കോടതി ജൂലായ് 24 വരെ വീണ്ടും എൻ.ഐ.എയുടെ കസ്റ്റഡിയിൽ വിട്ടു.

 സ്വപ്നയുടെ കസ്റ്റഡി റിപ്പോർട്ട്

1.വിവിധ ബാങ്കുകളുടെ ലോക്കറുകളിൽ സ്വപ്ന പണവും ആഭരണങ്ങളും സൂക്ഷിച്ചിട്ടുണ്ട്. അക്കൗണ്ട് വിവരങ്ങൾ ശേഖരിച്ച് അന്വേഷണം പുരോഗമിക്കുന്നു. ബാങ്കിംഗ് ഇതര മേഖലയിലും നിക്ഷേപമുണ്ട്.

2.ആറ് മൊബൈൽ ഫോണുകളും രണ്ട് ലാപ് ടോപ്പുകളും പിടിച്ചെടുത്തു. രണ്ട് മൊബൈലുകൾ തുറന്ന് വാട്ട്സ് ആപ്പ് പരിശോധിച്ചു.

3.ഡിപ്ളോമാറ്റിക് ബാഗിനെ പറ്റി ഒന്നാം പ്രതി സരിത്ത്, കോൺസുലേറ്റ് അധികൃതർ എന്നിവരുമായി നടത്തിയ ചാറ്റിന്റെ വിവരങ്ങൾ ലഭിച്ചു. നീക്കിയ ചാറ്റുകൾ ഡിജിറ്റൽ ഫോറൻസിക് അനാലിസിസിലൂടെ വീണ്ടെടുക്കാൻ സി ഡാക്കിന് കൈമാറാൻ കോടതിയിൽ സമർപ്പിച്ചു.

4.ഇ-മെയിൽ വിവരങ്ങളും ഫേസ്ബുക്ക്, ടെലിഗ്രാം, ഇൻസ്റ്റഗ്രാം അക്കൗണ്ട് വിവരങ്ങളും സ്വപ്ന കൈമാറി. ഇവ പരിശോധിച്ച് കൂടുതൽ തെളിവുകൾ കണ്ടെത്തി വീണ്ടും ചോദ്യംചെയ്യണം.

 സന്ദീപ് നായർ പറഞ്ഞത്

സ്വപ്നയും സന്ദീപും മറ്റു പ്രതികളും കേരളത്തിൽ എവിടെയെല്ലാം ഗൂഢാലോചന നടത്തിയെന്നും എവിടെയെല്ലാം ബാഗുകൾ സ്വീകരിച്ചെന്നും വെളിപ്പെടുത്തി. തിരുവനന്തപുരത്ത് 11സ്ഥലങ്ങളിലാണ് 18 ന് തെളിവെടുത്തത്. പ്രതികളുടെ ചിത്രങ്ങളുണ്ടെന്ന് സംശയിക്കുന്ന ഡിജിറ്റൽ വീഡിയോ റെക്കാർഡർ കണ്ടെടുത്തു. സോഷ്യൽ മീഡിയ വിവരങ്ങളും ശേഖരിച്ചിട്ടുണ്ട്. എറണാകുളത്ത് സ്വപ്നയ്ക്കൊപ്പം ഒളിവിൽ കഴിഞ്ഞ സ്ഥലം വെളിപ്പെടുത്തി. ഇവിടെ നാലിടങ്ങളിലായി 20ന് തെളിവെടുത്തു. ഇലക്ട്രോണിക് ഉപകരണങ്ങളും പിടിച്ചെടുത്തു.

 കെ.ടി. റമീസ്

ലോക്ക് ഡൗണിൽ രാജ്യത്തിന്റെ സാമ്പത്തികസ്ഥിതി ദുർബലമായതിനാൽ പരമാവധി തവണകളിലായി വൻതോതിൽ സ്വർണം കടത്താൻ റമീസ് നിർബന്ധിച്ചു. റമീസ് എപ്പോഴും ഒരു സംഘത്തിനൊപ്പമായിരുന്നു. ഇയാളുടെ ആജ്ഞയ്ക്കനുസരിച്ചാണ് കാര്യങ്ങൾ നടന്നത്. ഇയാളെ എൻ.ഐ.എയുടെ കേസിൽ ഉൾപ്പെടുത്തും