പള്ളുരുത്തി: കഴിഞ്ഞ മൂന്ന് ദിവസമായി കടലാക്രമണം രൂക്ഷമായ ചെല്ലാനം പഞ്ചായത്തിലെ വിവിധ ഭാഗങ്ങൾ കെ.ജെ. മാക്സി എം.എൽ.എ സന്ദർശിച്ചു.ചെകുത്താനും കടലിനുമിടയിൽ തീരദേശവാസികൾ എന്ന തലക്കെട്ടിൽ കഴിഞ്ഞ ദിവസം കേരളകൗമുദി വാർത്ത നൽകിയതിന്റെ അടിസ്ഥാനത്തിലാണ് സന്ദർശനം നടത്തിയത്. സൗദി, മാനാശേരി, കൈതവേലി, ചെറിയ കടവ്, പുത്തൻതോട് തുടങ്ങിയ സ്ഥലങ്ങളിൽ നേരിട്ടെത്തി. കണ്ടക്കടവിൽ മൂന്ന് കുടുംബങ്ങളെ സെന്റ്.സേവ്യേഴ്‌സ് കോളേജിലേക്ക് മാറ്റി പാർപ്പിച്ചു.കൊവിഡ് രോഗഭീതിയിൽ നിയന്ത്രണങ്ങൾ പാലിച്ച് ഓരോ മുറി വീതമാണ് നൽകിയിരിക്കുന്നത്. കമ്പനി പടി, വാച്ചാക്കൽ ,ചാളക്കടവ്, ചെറിയ കടവ് തുടങ്ങിയ സ്ഥലങ്ങളിൽ ജിയോ ട്യൂബ് നിർമ്മാണം തുടങ്ങി. 650 മീറ്ററിൽ ബാഗുകൾ സ്ഥാപിക്കാൻ നടപടിയായി. സർക്കാർ ഇതിനായി രണ്ട് കോടി രൂപ അനുവദിച്ചു. ആയിരം ജിയോ ബാഗുകൾ ജനപ്രതിനിധികൾ വഴി വിവിധ മേഖലകളിൽ സ്ഥാപിക്കും. നാശനഷ്ടം സംഭവിച്ചവർക്ക് ഉടൻ നഷ്ടപരിഹാരം നൽകാനുള്ള നടപടി സ്വീകരിക്കും. മുടങ്ങിയ ജിയോ ട്യൂബ് നിർമ്മാണം ഉടൻ പൂർത്തിയാക്കാൻ കരാറുകാർക്ക് നിർദേശം നൽകി. ഇറിഗേഷൻ വകുപ്പ് ഉദ്യോഗസ്ഥരായ ബി.അബാസ്, എസ്.സിന്ധു, ഏരിയ സെക്രട്ടറി പി.എ.പീറ്റർ എന്നിവരും എം.എൽ.എക്കൊപ്പം ഉണ്ടായിരുന്നു.