കൊച്ചി: സ്വർണക്കടത്തു കേസിലെ ചില ഉന്നത ബന്ധങ്ങൾ സരിത്ത് ചോദ്യം ചെയ്യലിൽ മറച്ചുവച്ചതായി വിവരം ലഭിച്ചതിനെ തുടർന്ന് കസ്റ്റഡിയിൽ വീണ്ടും ചോദ്യംചെയ്യാൻ അനുമതി തേടി കസ്‌റ്റംസ് എറണാകുളം സാമ്പത്തിക കുറ്റാന്വേഷണ കോടതിയിൽ അപേക്ഷ നൽകി. നിലവിൽ എൻ.ഐ.എ കസ്‌റ്റഡിയിലാണ് സരിത്ത്.
സ്വർണ വില്പനക്കാരായ റെമീസിനെയും ജലാലിനെയും ചോദ്യം ചെയ്തപ്പോഴാണ്, ഇതുവരെ വെളിപ്പെടുത്താത്ത പല നിർണായക കാര്യങ്ങളും സരിത്തിനറിയാമെന്ന വിവരം കസ്റ്റംസിന് കിട്ടിയത്. ഉന്നതതലങ്ങളിലെ ചിലരെക്കുറിച്ച് കസ്‌റ്റംസ് ചോദിച്ചെങ്കിലും അറിയില്ലെന്ന ഭാവമായിരുന്നു സരിത്തിന്. ഇവരും സ്വർണക്കടത്തിൽ സരിത്തിനും സംഘത്തിനും സഹായം ചെയ്‌തതായാണ് വിവരം. വീണ്ടും കസ്റ്റഡിയിൽ വാങ്ങി ഇതെല്ലാം ചോദിച്ചറിയേണ്ടതുണ്ട്.
സ്വർണക്കടത്ത് പുറത്തുവന്ന ഉടൻ അറസ്റ്റിലായത് സരിത്താണ്. 23 തവണ സരിത്ത് നയതന്ത്ര ബാഗേജ് കൈപ്പറ്റിയെങ്കിലും 13 പ്രാവശ്യമാണ് സ്വർണമുണ്ടായിരുന്നത്. സ്വർണം വരുന്നതിനു മുമ്പും ശേഷവും രണ്ടു പേരോട് സരിത്ത് ടെലിഗ്രാംവഴി നിരന്തരം ചാറ്റുചെയ്‌തിരുന്നു. ഇത് കോൺസുലേറ്റുമായി ബന്ധമുള്ളവരാണെന്നാണ് കസ്‌റ്റംസിന്റെ സംശയം.
സ്വർണക്കടത്തിന്റെ തുടക്കംമുതൽ വില്പനവരെ എല്ലാകാര്യങ്ങളും അറിയാവുന്നത് റെമീസിനാണ്. ഇയാൾ പ്രാഥമിക ചോദ്യംചെയ്യലിൽ തന്നെ സ്വർണക്കടത്തിന്റെ വിവിധ തലങ്ങളെക്കുറിച്ച് കസ്റ്റംസിനോട് വിവരിച്ചു. ദുബായിൽനിന്ന് സ്വർണം അയയ്‌ക്കുന്ന ഫൈസൽ ഫരീദ്, നയതന്ത്രചാനലിലൂടെ സ്വർണം പുറത്തെത്തിക്കുന്ന സ്വപ്‌ന, സരിത്ത്, തനിക്ക് സ്വർണം കൈമാറുന്ന അവസാന കണ്ണിയായ സന്ദീപ് എന്നിവരെയെല്ലാം നിയന്ത്രിച്ചിരുന്നത് റെമീസാണ്.
സന്ദീപ് നായരും റെമീസും നയതന്ത്രചാനലിലൂടെയല്ലാതെ വർഷങ്ങൾക്ക് മുമ്പേ ദുബായിൽനിന്ന് സ്വർണം കടത്തിയിരുന്നവരാണ്. സന്ദീപിനെ ദുബായിൽ ഇടനിലക്കാരനാക്കി റെമീസാണ് തുടക്കംകുറിച്ചത്. ദുബായിൽ വച്ചാണ് പരിചയത്തിലായത്. ദുബായിൽ രക്തചന്ദന ബിസിനസ് നടത്തിയിരുന്ന റെമീസ് ആഫ്രിക്കൻ രാജ്യങ്ങളിൽ എത്തുമായിരുന്നു. അതോടെ അവിടത്തെ സ്വർണഖനി മേഖലകളിൽ സ്വാധീനമുണ്ടാക്കി. നിയമപരമായി ദുബായിലെ മാർക്കറ്റുകളിലേക്ക് സ്വർണമെത്തിച്ചു. ഇതിന് കമ്മിഷൻ മാത്രമാണ് ലഭിച്ചിരുന്നത്. അവിടെ നല്ല സ്വാധീനമായതോടെ ഇന്ത്യയിലെ വിവിധ വിമാനത്താവളങ്ങളിലൂടെ സന്ദീപും റെമീസും സ്വർണം കടത്തി. പിന്നീടാണ് സ്വപ്‌നയും സരിത്തുമായി സന്ദീപ് ബന്ധം സ്ഥാപിക്കുന്നതും സ്വർണക്കടത്ത് നയതന്ത്ര ചാനലിലൂടെയാക്കിയതും. ഈസമയം കേരളത്തിലെത്തിക്കുന്ന സ്വർണം വിൽക്കുന്ന ദൗത്യത്തിലേക്ക് റെമീസ് മാറി. നയതന്ത്രചാനലിലൂടെ സ്വർണം കടത്താൻ സരിത്തിനെ സഹായിച്ച രണ്ട് ഉന്നതരെ കണ്ടെത്താനാണ് കസ്‌റ്റംസ് നീക്കം.