പെരുമ്പാവൂർ: പെരുമ്പാവൂരിലും സമീപപ്രദേശങ്ങളിലും തുടരുന്ന മോഷണത്തിന് പിന്നിൽ ഒരാൾ തന്നെയെന്ന് പൊലീസ് നിഗമനം. ഒരേ രീതിയിലുളള മോഷണ സ്വഭാവമാണ് ഈ നിഗമനത്തിന് പിന്നിൽ. വീടുകളിലെ വാതിൽ ദ്വാരമിട്ട് 25ഓളം മോഷണം നടത്തിയ തസ്കരൻ

കട്ടർ ഉപയോഗിച്ച് വാതിലിൽ ദ്വാരമുണ്ടാക്കി കൊളുത്തൂരി സ്വർണം അടിച്ചുമാറ്റുന്ന രീതിയാണ് അവലംബിക്കുന്നത്.

മോഷ്ടാവ് കാറിലാണ് എത്തുന്നതെന്ന് പൊലിസിന് തെളിവു ലഭിച്ചിട്ടുണ്ട്. ബർമുഡയും ടീഷർട്ടും ചിലപ്പോൾ ഫുൾ സ്ളീവ് ഷർട്ടും കണ്ണുകൾ മാത്രമൊഴിച്ചുള്ള പൂർണ മുഖാവരണവും ചെരിപ്പു ധരിക്കാതെ കൈയുറയും ധരിക്കുന്ന രീതിയിലാാണ്. കട്ടർ ഇടുന്ന ബാഗ് പിറകിലിട്ടാണ് വരുന്നത്.

രണ്ടു വർഷമായുള്ള മോഷണ പരമ്പരയാണ് സമാന രീതിയിൽ നടക്കുന്നത്. ആദ്യകാലങ്ങളിൽ കൈ കൊണ്ട് കറക്കുന്ന ഡ്രിൽ ഉപയോഗിച്ച് വാതിലിൽ ദ്വാരമുണ്ടാക്കിയും ജനൽ പൊളിച്ചുമാണ് മോഷണം നടത്തിയിരുന്നത്. പിന്നീട് ബാറ്ററി ഉപയോഗിക്കുന്ന ചെറിയ കട്ടർ കൊണ്ട് അടുത്തടുത്ത് കുറ്റിയുടെ സമീപ ഭാഗത്ത് ദ്വാരമുണ്ടാക്കി വാതിലിൻ്റെ ഭാഗം അടർത്തിമാറ്റി കൊളുത്തൂരിയാണ് അകത്തു കയറുന്ന രീതി അവലംബിച്ചത്. മഴയുള്ള ദിവസങ്ങളിലാണ് മോഷണം. പെരുമ്പാവൂരിൽ നടന്ന നാലു സമാനതകളുടെ കളവിലും വീടുകളിൽ ആളുള്ളപ്പോഴാണ് നടന്നത്. രണ്ട് ദിവസം മുമ്പ് കടുവാൾ മാടപ്പറമ്പൻ എം.എം വർഗീസിൻ്റെ വീട്ടിലാണ് മോഷണ ശ്രമം നടന്നത്. രണ്ടാഴ്ച മുമ്പ് നെടുംതോടുള്ള ഒരു വീട്ടിൽ നിന്ന് 18 പവൻ മോഷ്ടിച്ചു. സമീപത്തെ മറ്റൊരു വീട്ടിൽ മോഷണശ്രമം നടന്നു.കഴിഞ്ഞ ഫെബ്രുവരി 29 ന് കടുവാൾ സ്വദേശി കിരണിൻ്റെ വീട്ടിലും സമാന കളവ് നടന്നു. ഏഴ് പവനും 6000 രൂപയുമാണ് മോഷണം പോയത്. നെല്ലിക്കുഴിഭാഗത്ത് 20 ഓളം കളവാണ് നടന്നത്. സി.സി.ടി.വി ഉണ്ടോ എന്ന് നോക്കി അവ എടുത്തു മാറ്റിയും മുഖം മറച്ചുമാണ് കളവ്. വരുന്ന വാഹനം വരുന്ന വഴി പരിശോധിച്ച് വണ്ടി നമ്പർ കാമറകളിൽ പരിശോധിക്കുന്നതുൾപ്പെടെ വിവിധ സാങ്കേതിക വശങ്ങൾ തേടുകയാണ് പൊലിസ്. ഒരേ ഏരിയിൽ കളവുകൾ നടക്കുന്നില്ലെങ്കിലും കാഞ്ഞിരക്കാട് ഭാഗത്താണ് പെരുമ്പാവൂർ പ്രദേശത്ത് ഭൂരിഭാഗം കളവുകൾ നടന്നത്.

#സമാനമായ 25 കേസുകൾ

പെരുമ്പാവൂർ,കോതമംഗലം ഭാഗങ്ങളിലായി 25-ഓളംം കേസുകളാണ് സമാന രീതിയിൽ നടന്നത്.

# കേസന്വേഷണത്തിന് പത്തംഗ സംഘം

പെരുമ്പാവൂർ ഡിവൈ. എസ്. പിയുടെ കീഴിൽ രണ്ട് സി.ഐമാരും മൂന്നു എസ്.ഐമാരുമുൾപ്പെടെ 10 അംഗ അന്വേഷണ സംഘത്തെയാണ് കേസിൽ ഇപ്പോൾ നിയോഗിച്ചിരിക്കുന്നത്.