പറവൂർ: പറവൂർ വാട്ടർ അതോറിറ്റി ഓഫീസിൽ വൈദ്യുതി മുടങ്ങിയാൽ ഓഫീസിന്റെ പ്രവർത്തനം നിലയ്ക്കും. ഓഫീസിലെ എല്ലാ കമ്പ്യൂട്ടറുകളും പ്രവർത്തിക്കേണ്ട യു.പി.എസിന്റെ ബാറ്ററി തകരാറിലായതാണ് കാരണം. ഇതുമൂലം ഇന്നലെ വാട്ടർ ചാർജ് അടയ്ക്കുന്നതും ഓഫീസ് പ്രവർത്തനങ്ങളും മണിക്കൂറോളം തടസപ്പെട്ടു.
മാസങ്ങളായി ബാറ്ററി തകരാറിലായിട്ട്. ഇതു മാറ്റുന്നതിനുള്ള ഒരു നടപടിയും ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്നുണ്ടായിട്ടില്ല. വൈദ്യുതി പോസ്റ്റുകൾ മാറ്റുന്നതിനാൽ രാവിലെ മുതൽ വൈദ്യുതി ഉണ്ടായിരുന്നില്ല. ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെയാണ് വൈദ്യുതി വന്നത്. ഇതിനിടയിൽ വാട്ടർ ചാർജ് അടയ്ക്കാനെത്തിയ നിരവധി പേരാണ് ഓഫീസ് പരിസരത്ത് തടിച്ചുകൂടിയ നിന്നത്. മണിക്കൂറോളം ക്യൂ നീണ്ടതോടെ സാമൂഹ്യ അകലവും താറുമാറായി. പറവൂർ സബ് ഡിവിഷന്റെ കീഴിൽ 80.000ലധികം ഉപഭോക്താക്കളാണുള്ളത്. ഇതിൽ ഭൂരിഭാഗം പേരും വാട്ടർ ചാർജ് അടയ്ക്കാൻ ആശ്രയിക്കുന്നത് പറവൂർ ഓഫീസാണ്.
പ്രവർത്തിക്കുന്നത് ഒരു കൗണ്ടർ മാത്രം
എട്ട് വർഷം മുമ്പ് നിലവിലുള്ളതിനെക്കാൾ പകുതി ഉപഭോക്താക്കൾ ഉള്ളപ്പോൾ രണ്ട് കൗണ്ടർ പ്രവർത്തിച്ചിരുന്നു. എന്നാൽ ഇപ്പോൾ ഒരു കൗണ്ടറിലാണ് തുക സ്ഥീകരിക്കുന്നത്. വൈപ്പിൻ, വടക്കേക്കര മേഖലയിൽ ഓഫീസുണ്ടെങ്കിലും ഇവിടത്തെയടക്കം ഉപഭോക്താക്കൾ പറവൂർ ഓഫീസിൽ തുക അടയ്ക്കാൻ എത്താറുണ്ട്. ഓൺലൈൻ സംവിധാനത്തിൽ വാട്ടർ തുക അടയ്ക്കാൻ സംവിധാനം ഒരുക്കിയിട്ടുണ്ടെങ്കിലും ചെറിയൊരു ശതമാനം പേരാണ് ഇതിനെ ആശ്രയിക്കുന്നത്. പലപ്പോഴും ഓൺലൈൻ പേമെന്റ് സൈറ്റ് പ്രവർത്തിക്കാത്തത് മൂലം നേരിട്ട് ഓഫീസിലെത്തിയാണ് തുക അടയ്ക്കുന്നത്.
ബന്ധപ്പെട്ടവരെ അറിയിച്ചിട്ടുണ്ട്
വൈദ്യുതി മുടങ്ങിയാൽ കമ്പ്യൂട്ടറുകൾ പ്രവർത്തിപ്പിക്കുന്ന യു.പി.എസിന്റെ ബാറ്ററി ഒരു മാസത്തോളമായി തകരാറിലാണ്. ഇതു നന്നാക്കാൻ 80,000 രൂപയോളം വരും. ഇതിനായി ബന്ധപ്പെട്ട വിഭാഗങ്ങളെ അറിയിച്ചിട്ടുണ്ട്.
ഡി. ജെയിൻരാജ്,അസി. എക്സിക്യൂട്ടീവ് എൻജിനിയർ, വാട്ടർ അതോറിറ്റി, പറവൂർ സബ് ഡിവിഷൻ.