covid
കൊവിഡ്

ആലുവ: ഭീതിയുടെ മുൾമുനയിൽ ആലുവ. ഇന്നലെ കീഴ്മാട് ക്ലസ്റ്റിൽ 18 കന്യാസ്ത്രീകൾക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. എല്ലാവരും എസ്.ഡി സിസ്റ്റേഴ്‌സിന് കീഴിലുള്ള കീഴ്മാട് ഗ്രാമപഞ്ചായത്തിലെ ചുണങ്ങംവേലി സെന്റ് മേരീസ് പ്രോവിൻസ് കോൺവെന്റിലെ അന്തേവാസികളാണ്. രോഗബാധിതരിൽ മൂന്ന് പേൃക്ക് 70 വയസിന് മുകളിലാണ് പ്രായം. 18 പേരേയും പഴങ്ങനാട്ടെ സ്വകാര്യ ആശുപത്രിയിലെ നഴ്സിംഗ് വിദ്യാർത്ഥികളുടെ ഹോസ്റ്റലിലേക്ക് മാറ്റി. കഴിഞ്ഞ ദിവസം കൊവിഡിന് കീഴടങ്ങിയ സിസ്റ്റർ ക്ലെയറിനെ സംസ്കരിച്ചത് ഇതേ ആശ്രമത്തിലാണ്.

രണ്ടു കന്യാസ്ത്രീകൾക്കാണ് ആദ്യം രോഗം സ്ഥിരീകരിച്ചത്. ഇവർ കളമശേരി മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. തുടർന്ന് 60 കന്യാസ്ത്രികളെ ശ്രവ പരിശോധനയ്ക്ക് വിധേയമാക്കി. ഈ പരിശോധയിലാണ് 18 പേർ പോസിറ്രീവായത്. 20 പേരുടെ റിസൾട്ട് പുറത്തുവരാനുണ്ട്. പരിശോധന ഫലങ്ങൾ വേഗത്തിൽ പുറത്ത് വിടണമെന്ന ആവശ്യം ശക്തമാണ്.സെന്റ് മേരീസ് പ്രോവിൻസ് കോൺവെന്റിനോട് ചേർന്നുള്ള മാതൃമഠത്തിൽ 200 അന്തേവാസികളുണ്ട്.

എസ്.ഡി. സിസ്റ്റേഴ്‌സിന്റെ എറണാകുളം മേഖലാ ആസ്ഥാനമാണ് സെന്റ് മേരീസ് പ്രോവിൻസ് കോൺവെന്റ്. ഔദ്യോഗിക കാര്യങ്ങൾക്കായി മറ്റ് മഠങ്ങളിൽ നിന്ന് പലപ്പോഴും സിസ്റ്റർമാർ ഇവിടെ സന്ദർശിക്കാറുണ്ട്. ഇത്തരം സമ്പർക്കത്തിലൂടെയായിരിക്കാം കൊവിഡ് ബാധിച്ചതെന്നാണ് ആരോഗ്യ പ്രവർത്തകരുടെ നിഗമനം.സിസ്റ്റർ ക്ലെയറിന്റെ മരണത്തിന് ശേഷം രോഗലക്ഷണങ്ങൾ കാണിച്ച സെന്റ് മേരീസ് പ്രോവിൻസ് കോൺവെന്റിലെ സിസ്റ്റർമാർക്ക് അൻവർസാദത്ത് എം.എൽ.എ ഇടപെട്ടാണ് കൊവിഡ് പരിശോധന നടത്തിയത്.