വൈപ്പിൻ: കുഴുപ്പിള്ളി പഞ്ചായത്തിൽ ഇന്നലെ എട്ട് പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ സ്ഥിതി രൂക്ഷമായി. ഹൃദ്രോഗത്തിന് ചികിത്സയിലിരുന്ന സിസ്റ്റർ ക്ലയർ കഴിഞ്ഞയാഴ്ച മരണമടഞ്ഞിരുന്നു. മരശേഷം ഇവർക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇവർ അന്തേവാസിയായ കുഴുപ്പിള്ളി മഠത്തിലെ 6 കന്യാസ്ത്രീകൾക്കും രണ്ട് ശുചീകരണതൊഴിലാളികൾക്കുമാണ് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചത്..ഇവരെല്ലാം സിസ്റ്ററിന്റെ മരശേഷം നിരീക്ഷണത്തിലായിരുന്നു.

മഠത്തിനോട് ബന്ധപ്പെട്ട കുഴുപ്പിള്ളി പള്ളിയിലെ വികാരിയുടെ അമ്മയുടെ മരണാനന്തര ചടങ്ങിൽ പങ്കെടുക്കാൻ മഠത്തിലുള്ളവരും പള്ളി വക സ്‌കൂളിലെ അദ്ധ്യാപികമാരും പി.ടി.എ ഭാരവാഹികളും രണ്ട് ഗ്രാമപഞ്ചായത്ത് അംഗങ്ങളും ഉൾപ്പെടെ 17 പേർ ട്രാവലറിൽ വൈക്കത്ത് പോയിരുന്നു. തുടർന്ന് ഗ്രാമപഞ്ചായത്ത് അംഗങ്ങൾ പഞ്ചായത്ത് ഓഫീസിലും പോയിരുന്നു. അന്ന് പഞ്ചായത്ത് ഓഫീസിൽ ഉണ്ടായിരുന്ന ജീവനക്കാരെല്ലാം ഇപ്പോൾ നിരീക്ഷണത്തിലാണ്.