കൊച്ചി : സ്വർണക്കടത്തു കേസിലെ രണ്ടാംപ്രതി സ്വപ്‌ന സുരേഷിന്റെ ജാമ്യാപേക്ഷ എറണാകുളം എൻ.ഐ.എ കോടതി ജൂലായ് 24 ന് മാറ്റി. ഇവരെ നാലുദിവസം കൂടി എൻ.ഐ.എ കസ്റ്റഡിൽ വിട്ട സാഹചര്യത്തിലാണിത്.

കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ രാഷ്ട്രീയ വൈരാഗ്യത്തെത്തുടർന്നുള്ള കേസാണിതെന്നും മാദ്ധ്യമങ്ങൾ നിറംപിടപ്പിച്ച കഥകളാണ് പ്രചരിപ്പിക്കുന്നതെന്നും ജാമ്യാപേക്ഷയിൽ പറയുന്നു. താൻ നിരപരാധിയാണ്. കോൺസുലേറ്റിലെ അറ്റാഷെയുടെ നിർദ്ദേശപ്രകാരം പ്രവർത്തിക്കുക മാത്രമാണ് ചെയ്തത്. സ്വർണക്കടത്തു കേസിൽ യു.എ.പി.എ കുറ്റം നിലനിൽക്കില്ല. രാജ്യത്തിന്റെ സാമ്പത്തിക അടിത്തറ തകർക്കുന്ന പ്രവർത്തനം തീവ്രവാദമാണെന്ന് വിലയിരുത്തിയത് കള്ളനോട്ടുകേസിലാണ്. സ്വർണക്കടത്ത് ഇതിൽ ഉൾപ്പെടുത്തിയിട്ടില്ല. മാത്രമല്ല തീവ്രവാദ ഫണ്ടിംഗിന് കള്ളക്കടത്തിൽ നിന്നുള്ള തുക ഉപയോഗിച്ചിരിക്കാമെന്ന ഉൗഹം മാത്രമാണുള്ളത്. നയതന്ത്ര ബാഗിൽ സ്വർണമാണെന്ന് അറിയുമായിരുന്നില്ല. ബാഗേജ് വന്നത് തന്റെ പേരിലല്ല. അറ്റാഷെയുടെ നിർദ്ദേശമനുസരിച്ചാണ് കസ്റ്റംസുമായി ബന്ധപ്പെട്ടത്. സ്വർണക്കടത്തുമായി ബന്ധപ്പെട്ടതൊന്നും തന്റെ പക്കൽനിന്ന് പിടിച്ചെടുത്തിട്ടില്ല. അന്വേഷണം പൂർത്തിയായതിനാൽ ജാമ്യം അനുവദിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.