കൊച്ചി: ആവശ്യമായ മുന്നറിയിപ്പ് ഇല്ലാതെ കണ്ടെയിൻമെന്റ് സോണെന്ന പേരിൽ തമ്മനം പ്രദേശമാകെ കൊട്ടിയടിച്ചതിൽ റാക്കോ പ്രതിഷേധിച്ചു. രാവിലെ 11 മണിയോടെ എല്ലാ റോഡുകളും അടയ്ക്കുകയായിരുന്നു. പാലും പച്ചക്കറികളും അവശ്യസാധനങ്ങൾ വില്പന നടത്തുന്ന കടകളും അടപ്പിച്ചുവെന്ന് റെസിഡന്റ്‌സ് അസോസിയേഷൻസ് കോ ഓഡിനേഷൻ കൗൺസിൽ (റാക്കോ ) സംസ്ഥാന ജനറൽ സെക്രട്ടറി കുരുവിള മാത്യൂസ് പറഞ്ഞു.
രാവിലെ സ്വന്തം വാഹനത്തിൽ ഓഫീസിൽ പോയവർ തിരികെ എത്തിയപ്പോൾ എല്ലാം കെട്ടിഅടച്ച സ്ഥിതിയിലായിരുന്നു. ആവശ്യത്തിന് പൊലീസിനെയും വിന്യസിച്ചിരുന്നില്ല. അത്യാവശ്യ കാര്യങ്ങൾക്ക് പുറത്തിറങ്ങിയവരെ തിരിച്ച് കടത്തിവിടുന്നതിനായി സംവിധാനം ഒരുക്കാത്തത് നിയമലംഘനമാണെന്ന് കുരുവിള മാത്യൂസ് പറഞ്ഞു.