വൈപ്പിൻ : പതിനാല് കേസിലെ പ്രതിയും കാപ്പ ചുമത്തി നാട് കടത്തുകയും ചെയ്ത ചെറായി പെട്ടിക്കാട്ട് ആഷിക്കിനെ ( 29) വടിവാളുമായി മുനമ്പം പൊലീസ് പിടികൂടി. വീട്ടിൽ വടിവാൾ സൂക്ഷിച്ചിട്ടുള്ളതായി പിതാവ് വിളിച്ചറിയിച്ചതിന്റെ അടിസ്ഥാനത്തിൽ പൊലീസ് സ്ഥലത്തെത്തിയെങ്കിലും ആൾ കടന്നുകളഞ്ഞു. പിന്നീട് ചെറായി ഭാഗത്തുവെച്ച് ഓട്ടോറിക്ഷയിൽ സഞ്ചരിക്കവേ മുനമ്പം എസ്.ഐ എ.കെ. സുധീറും സംഘവുമാണ് അറസ്റ്റുചെയ്തത്. മൂന്നരയടി നീളവും നാല് കിലോ തൂക്കവും വരുന്ന വാടിവാൾ പിടിച്ചെടുത്തു.
കാപ്പ ചുമത്തി ഈ വർഷം ജനുവരി 30ന് വിയ്യൂർ സെൻട്രൽ ജയിലിൽ അടച്ച പ്രതിയെ കൊവിഡിന്റെ പശ്ചാത്തലത്തിൽ മാർച്ച് 30ന് വിട്ടയച്ചതായിരുന്നു. മാരകായുധം കൈയിൽ വെച്ചതിന് കേസെടുത്തശേഷം പ്രതിയെ കൊവിഡ് ടെസ്റ്റിന് വിധേയമാക്കി. റിസൾട്ട് ലഭിച്ചാൽ കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു. അറസ്റ്റ് ചെയ്ത സംഘത്തിൽ എസ്.ഐ ബി.ബി. റഷീദ്, സി.പി.ഒ അഭിലാഷ് എന്നിവരും ഉണ്ടായിരുന്നു.