ആലുവ: ആറ് പേർ കൊവിഡ് ബാധിതരായ ആലുവ നഗരസഭ 11 -ാം വാർഡിൽ കൊവിഡ് സ്രവ പരിശോധന സംഘടിപ്പിക്കണമെന്ന ആവശ്യം ശക്തമായി. നഗരസഭയിലെ ഏറ്റവും അധികം ജനങ്ങൾ തിങ്ങിപ്പാർക്കുന്ന വാർഡുകളിലൊന്നാണിത്. ഊമംക്കുഴിത്തടം ഉൾപ്പെടെയുള്ള ഭാഗത്ത് അടുത്തടുത്ത് വീടുകളാണ്. ഇവിടെയാണ് ഒരു കുടുംബത്തിലെ നാല് പേർക്ക് രോഗം സ്ഥിരീകരിച്ചത്.രോഗം സ്ഥിരീകരിച്ച് മൂന്നാം ദിവസമായ ഇന്നലെയാണ് ചിലരെ ആശുപത്രിയിലേക്ക് മാറ്റിയത്. രോഗബാധിതരായ ദമ്പതികളുടെ കുട്ടിക്ക് നെഗറ്റീവായിരുന്നു. തൊട്ടടുത്ത വീട്ടിലും ഒരാൾക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ 11 -ാം വാർഡിലെ ജനങ്ങൾക്കായി കൊവിഡ് പരിശോധന നടത്തണമെന്ന് ബി.ജെ.പി നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് പ്രീത രവി ആവശ്യപ്പെട്ടു. സമ്പർക്കപ്പട്ടികയിലുള്ള ചിലർ പുറത്തിറങ്ങി നടക്കുന്നതായും ആക്ഷേപമുണ്ട്. ഇന്നലെ ആലുവ അഗ്നിശമന സേനയെത്തി വാർഡിലെ ചില ഭാഗങ്ങൾ അണുവിമുക്തമാക്കി.