നെടുമ്പാശേരി: കൊവിഡ് രോഗ വ്യാപനം റിപ്പോർട്ട് ചെയ്തതിൻ്റെ അടിസ്ഥാനത്തിൽ പാറക്കടവ് പഞ്ചായത്ത് ഓഫീസ് താത്കാലികമായി അടച്ചു. കുന്നപ്പിള്ളിശേരി സ്വദേശിക്കും ഭാര്യയ്ക്കും കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇവരുടെ മകൾ പാറക്കടവ് പഞ്ചായത്ത് ഓഫീസിന് സമീപം മൂഴിക്കുളം ജങ്ഷനിൽ കുടുംബശ്രീ കിയോസ്‌ക് നടത്തിവരുന്നുണ്ട്. രോഗ ബാധിതരും മകളെ സഹായിക്കാൻ ഇവിടെ എത്താറുണ്ട്. പഞ്ചായത്ത് ഓഫീസിലേക്ക് ചായയും മറ്റും എത്തിക്കുന്നതും ഇവിടെ നിന്നാണ്. ഈ സാഹചര്യത്തിലാണ് ഓഫീസ് താത്കാലികമായി അടയ്ക്കാൻ തീരുമാനിച്ചത്.
ഓഫീസിൽ കഴിഞ്ഞ ദിവസങ്ങളിൽ അവധിയിലായിരുന്ന നാല് ജീവനക്കാർ ഒഴികെ മുഴുവൻ പഞ്ചായത്ത് അംഗങ്ങളും ജീവനക്കാരും നിരീക്ഷണത്തിൽ കഴിയാൻ ആരോഗ്യ വിഭാഗം നിർദ്ദേശിച്ചിട്ടുണ്ട്. അടിയന്തര സാഹചര്യങ്ങൾ കൈകാര്യം ചെയ്യുന്നതിനായി ഈ നാല് ജീവനക്കാരെ ഉപയോഗിച്ച് ഓഫീസ് തുറക്കുമെങ്കിലും പൊതുജനങ്ങളുമായി ബന്ധപ്പെട്ട സേവനങ്ങൾ ലഭ്യമാകില്ല. ഓഫീസിലേക്കുള്ള പ്രവേശനം പൂർണമായും തടഞ്ഞിട്ടുണ്ട്. പഞ്ചായത്തിൽ നിലവിൽ ഏഴ് പേരാണ് കൊവിഡ് പോസിറ്റീവായി ചികിത്സയിൽ കഴിയുന്നത്.