thozhil-nurses

കൊച്ചി : യുണൈറ്റഡ് നഴ്സസ് അസോസിയേഷനിലെ (യു.എൻ.എ) സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട കേസിലെ ഒന്നാംപ്രതിയും സംഘടനയുടെ ദേശീയ ജനറൽ സെക്രട്ടറിയുമായ ജാസ്‌മിൻ ഷാ, രണ്ടുമുതൽ നാലുവരെ പ്രതികളായ ഷോബി ജോസഫ്, നിതിൻ മോഹൻ, പി.ഡി. ജിത്തു എന്നിവരുടെ മുൻകൂർ ജാമ്യഹർജി ഹൈക്കോടതി തള്ളി. എന്നാൽ കേസിലെ അഞ്ചുമുതൽ ഏഴുവരെ പ്രതികളായ സുജനപാൽ, ബിബിൻ പൗലോസ്, എം.വി. സുധീർ എന്നിവർക്ക് സിംഗിൾബെഞ്ച് ഉപാധികളോടെ മുൻകൂർ ജാമ്യം അനുവദിച്ചു.

നഴ്സുമാരുടെ സംഘടനയായ യു.എൻ.എയുടെ ഫണ്ടിൽനിന്ന് 2017 ഏപ്രിൽ മുതൽ 2019 ജനുവരി വരെയുള്ള കാലയളവിൽ 3.5 കോടി രൂപയുടെ സാമ്പത്തികതട്ടിപ്പു നടത്തിയെന്നാണ് കേസ്. സംഘടനയിലെ ഒരംഗത്തിന്റെ പരാതിയിൽ തിരുവനന്തപുരം ക്രൈംബ്രാഞ്ച് യൂണിറ്റാണ് അന്വേഷണം നടത്തുന്നത്.

തങ്ങൾക്കെതിരെ കെട്ടിച്ചമച്ച കേസാണിതെന്നും സംഘടനയുടെ കണക്കുകൾ കൃത്യമായി ആഡിറ്റ് ചെയ്തിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് ജാസ്മിൻ ഷാ ഉൾപ്പെടെയുള്ള പ്രതികൾ മുൻകൂർ ജാമ്യാപേക്ഷ നൽകിയത്. എന്നാൽ കേസ് ഡയറി പരിശോധിച്ചതിൽ നിന്ന് ആരോപണങ്ങൾ ഗൗരവമുള്ളതാണെന്ന് ഹൈക്കോടതി വിലയിരുത്തി. അന്വേഷണത്തിൽ ചില നിർണായക തെളിവുകളും ലഭിച്ചിട്ടുണ്ട്. ആശുപത്രി, ഫ്ളാറ്റ്, കാർ എന്നിവ വാങ്ങിയതുമായി ബന്ധപ്പെട്ട് അസോസിയേഷന്റെ പണമിടപാടുകൾ സംശയാസ്പദമാണ്. ജാസ്മിൻ ഷാ ഉൾപ്പെടെയുള്ള പ്രതികൾ അന്വേഷണത്തോടു സഹകരിക്കുന്നില്ലെന്ന് പ്രോസിക്യൂഷൻ ആരോപിച്ചു. ഇൗ സാഹചര്യത്തിലാണ് ജാസ്മിൻ ഷാ ഉൾപ്പെടെയുള്ള ആദ്യ നാലുപ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയത്. മുൻകൂർ ജാമ്യം കിട്ടിയ പ്രതികൾ പത്തുദിവസത്തിനുള്ളിൽ അന്വേഷണ ഉദ്യോഗസ്ഥനു മുന്നിൽ ഹാജരാകണമെന്നും ചോദ്യംചെയ്യലിനുശേഷം അറസ്റ്റുചെയ്താൽ 70,000 രൂപയുടെ ബോണ്ടും തുല്യതുകയ്ക്കുള്ള രണ്ട് ആൾജാമ്യവും വ്യവസ്ഥചെയ്ത് ജാമ്യം നൽകാനും വിധിയിൽ പറയുന്നു.