കൊച്ചി: ആഞ്ഞടിച്ചെത്തുന്ന കടൽ ശാന്തമാകണമെന്ന ചെല്ലാനം നിവാസികളുടെ പ്രാർത്ഥനയ്ക്ക് മൂന്നാം ദിനവും ഫലം കണ്ടില്ല. കടൽഭിത്തികൾ കടന്ന് ചെളിവെള്ളം തീരദേശ ഹൈവേവരെ എത്തി. എന്തു ചെയ്യുമെന്നറിയാതെ നിസഹായരായി നിൽക്കുകയാണ് ചെല്ലാനത്തെ അഞ്ഞൂറോളം വരുന്ന കുടുംബങ്ങൾ. സഹായവുമായി സർക്കാരും സന്നദ്ധ സംഘടനകളും രംഗത്തെത്തിയതാണ് ആശ്വാസം.
കടൽകയറാത്ത പ്രദേശത്തേക്കുപോലും ഇന്നലെ കടൽവെള്ളം ഇരച്ചുകയറി. മുൻ വർഷങ്ങളിൽ കടൽകയറിയിരുന്ന തെക്കേ ചെല്ലാനം പ്രദേശങ്ങളിൽ നിന്ന് മാറി ഹാർബർ മുതൽ സൗദി വരെ പ്രദേശങ്ങളിൽ കടൽകയറി. കണ്ണമാലി, ചെറിയകടവ്, കൈതവേലി, കണ്ടക്കടവ് എന്നിവിടങ്ങളിൽ വീടുകളിലേക്ക് വെള്ളം ഇരച്ചുകയറി. കൊവിഡ് നിരീക്ഷണത്തിൽ കഴിയുന്നവർ താമസിക്കുന്ന ഇടങ്ങളിൽ കടൽ കയറാതിരുന്നതിലെ ആശ്വാസത്തിലാണ് ചെല്ലാനം നിവാസികൾ.
ഒരു ദുരിതാശ്വാസ കേന്ദ്രമാണ് ചെല്ലാനത്ത് തുറന്നത്. പത്തോളം കുടുംബങ്ങൾ മാത്രമാണ് എത്തിയത്. ചെല്ലാനം ഭാഗത്ത് ട്രിപ്പിൾ ലോക്ക് ഡൗൺ ആയതിനാൽ പലരും കടൽകയറ്റമില്ലാത്ത ഭാഗങ്ങളിലെ ബന്ധുവീടുകളി അഭയം പ്രാപിച്ചു. സ്വന്തം വീടുകളിലേക്ക് എത്താൻ കഴിയാത്തവിധം ചെളി നിറഞ്ഞിരിക്കുകയാണ്.
ചെല്ലാനം ഹാർബറിന് തെക്കുഭാഗത്താണ് കൂടുതൽ പേർ കൊവിഡ് നിരീക്ഷണത്തിലുള്ളത്. ഹാർബറിന്റെ നിർമ്മാണത്തിലെ സവിശേഷതകൾ കൊണ്ട് കടൽ കയറ്റമുണ്ടായിട്ടില്ല. ചെല്ലാനം ഭാഗത്ത് ആവശ്യമായ ഭക്ഷ്യവസ്തുക്കൾ എത്തിക്കാൻ ജില്ലാഭരണകൂടവും സന്നദ്ധ പ്രവർത്തകരും രംഗത്തുണ്ട്.


പൂർണ സജ്ജമായി കണ്ണമാലി എഫ്.എൽ.ടി.സി

കൊവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ചെല്ലാനത്ത് തയ്യാറാക്കിയ ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്റർ (എഫ്.എൽ.ടി.സി) പൂർണ സജ്ജമായി. കണ്ണമാലി സെന്റ് ആന്റണീസ് പാരീഷ് ഹാളിലാണ് സെന്റർ. സ്ത്രീകളെയും കുട്ടികളെയും മാത്രമാണ് താമസിപ്പിക്കുക. ഇന്നലെ കൊവിഡ് പോസിറ്റീവായ എട്ടുപേർ എഫ്.എൽ.ടി.സിയിലുണ്ട്. രണ്ട് കുട്ടികൾ, ഒരു പ്രായമായ സ്ത്രീ എന്നിവർ ഇതിൽ ഉൾപ്പെടുന്നു. എല്ലാവരും ചെല്ലാനം നിവാസികളാണ്. അൻപത് കിടക്കകളാണ് ഇവിടെ തയ്യാറാക്കിയത്.

ജിയോ ബാഗുകൾ വിതരണം ചെയ്തു

കടലാക്രമണമുണ്ടായ ചെല്ലാനത്ത് ജില്ലാ ഭരണകൂടത്തിന്റെയും മൈനർ ഇറിഗേഷൻ വകുപ്പിന്റെയും നേതൃത്വത്തിൽ ജിയോ ബാഗുകൾ വിതരണം ചെയ്തു. ആയിരം ജിയോ ബാഗുകളാണ് നൽകുക. പ്രദേശവാസികളുടെ സഹകരണത്തോടെയാണ് ഇവ സ്ഥാപിക്കുക. രണ്ടുമീറ്റർ നീളവും ഒരുമീറ്റർ വീതിയുമുള്ള ബാഗുകളിൽ മണൽ നിറയ്ക്കുന്നതും കടൽഭിത്തി തകർന്ന സ്ഥലങ്ങളിൽ സ്ഥാപിക്കുന്നതും പ്രദേശവാസികളുടെ സഹകരണത്തോടെയാണ്.