തൃക്കാക്കര: സംസ്ഥാനത്തെ സ്കൂൾ കുട്ടികൾക്കായുള്ള ഒന്ന് മുതൽ പത്ത് വരെ ക്ലാസുകളിലെ സർക്കാർ, എയ്ഡഡ് മേഖലയിലെ സ്കൂളുകൾക്കുള്ള പാഠപുസ്തക വിതരണം പൂർത്തിയായി. അൺ-എയ്ഡഡ് സ്കൂളുകൾക്കാവശ്യമായ പുസ്തകങ്ങൾ ജില്ലാ ഡിപ്പോകളിൽ നിന്നുള്ള റിലീസ് ഓർഡർ എത്തുന്ന മുറയ്ക്ക് നൽകുന്നു.
കേരള ബുക്ക്സ് ആൻഡ് പബ്ലിക്കേഷൻസ് സൊസൈറ്റിയുടെ മേൽനോട്ടത്തിലാണ് പാഠപുസ്തക വിതരണം നടന്നത്. കെ.ബി.പി.എസിൽ നിന്നും ജില്ലകളിലെ ഡിപ്പോകളിൽ എത്തിച്ച് ജില്ലയിലെ സ്കൂൾ സൊസൈറ്റിക്കാവശ്യമുള്ള പുസ്തകങ്ങൾ എത്തിച്ച് നൽകും. സംസ്ഥാനത്തെ 3292 സ്കൂൾ സൊസൈറ്റികളിൽ പാഠപുസ്തകങ്ങൾ എത്തിച്ചു. ഈ വർഷം 14 ജില്ലാ പാഠപുസ്തക ഡിപ്പോകളിലും കെ.ബി.പി.എസിൽ നിന്നുള്ള ജീവനക്കാരെ ഓരോ ജില്ലയുടെയും മേൽനോട്ടത്തിന് നിയോഗിച്ചിരുന്നു. കൂടാതെ മാനേജർ തലത്തിലുള്ള ഉദ്യോഗസ്ഥരെയും മേൽനോട്ടത്തിന് ചുമതലപ്പെടുത്തിയിരുന്നു. പാഠപുസ്തകങ്ങൾ തരം തിരിക്കുന്നതിന് കുടുംബശ്രീയെയും ഏൽപ്പിച്ചു. തൃശൂർ, കോഴിക്കോട്, കൊല്ലം, കണ്ണൂർ ജില്ലകളിൽ കൂടു തൽ ഡിപ്പോകൾ തുറന്നാണ് പാഠപുസ്തക വിതരണം വേഗത്തിലാക്കിയത്. സാധാരണ മൂന്ന് മുതൽ നാല് മാസം വരെ നീളുന്ന പുസ്തക വിതരണം ഈ വർഷം രണ്ട് മാസത്തിനകം പൂർത്തിയായി. കൊവിഡ് നിയന്ത്രണങ്ങൾക്കിടയിൽ പ്രായോഗിക ബുദ്ധിമുട്ടുകൾ തരണം ചെയ്താണ് പാഠപുസ്തക അച്ചടിയും വിതരണവും പൂർത്തിയാക്കിയത്. രണ്ടാം വാല്യം പുസ്തകങ്ങളുടെ വിതരണം പുരോഗമിക്കുകയാണ്.