ആലുവ: ഭൂതത്താൻകെട്ട് അണക്കെട്ട് തുറന്നതോടെ പെരിയാർ കരകവിഞ്ഞ് ഒഴുകി. 1.3 മീറ്ററോളമാണ് ജലനിരപ്പ് ഉയർന്നത്. ശിവരാത്രി മണപ്പുറത്തെ കൽപ്പടവുകളിൽ വെള്ളം കയറി. മണപ്പുറത്തെ മഹാദേവക്ഷേത്രത്തിന്റെ ചുറ്റിലും വെള്ളം നിറഞ്ഞു.
മണപ്പുറത്തെ ഭൂനിരപ്പിനേക്കാളും രണ്ടടി താഴ്ചയിലാണ് ക്ഷേത്രം. ക്ഷേത്രത്തിൽ നിന്നുള്ള വെള്ളം പെരിയാറിലേക്ക് പോകുന്നതിനുള്ള ഓവുചാലിലൂടെ വെള്ളം തിരികെ കയറുകയായിരുന്നു. തിങ്കളാഴ്ച രാത്രിയോടെയാണ് പെരിയാറിൽ വെള്ളം ഉയർന്ന് തുടങ്ങിയത്. വേലിയിറക്കമുണ്ടായതോടെ ഇന്നലെ രാവിലെ ഒൻപത് മുതൽ വെള്ളം ഇറങ്ങി തുടങ്ങി. പത്ത് മണിയോടെ പൂർവസ്ഥിതിയിലായി.
ആലുവ ജലശുദ്ധീകരണ ശാലയിൽ ചെളിയുടെ അംശവും വെള്ളമുയർന്ന സമയത്ത് കൂടിയിരുന്നു. അണക്കെട്ട് തുറന്നെത്തിയ വെള്ളത്തിൽ 100 എൻ.ടി.യുവായി ചെളിയുടെ അംശം ഉയർന്നു. വൈകീട്ടോടെ ഇത് 60 എൻ.ടി.യുവായി കുറഞ്ഞു. കുടിക്കാൻ നൽകുന്ന വെള്ളത്തിൽ അഞ്ച് എൻ.ടി.യു.വിൽ താഴെ മാത്രമാണ് ചെളിയുടെ അളവ്.