food-kit
ചെല്ലാനം ഹാർബർ മേഖലയിലെ മത്സ്യതൊഴിലാളി കുടുംബങ്ങൾക്ക് ജനമൈത്രി പൊലീസിന്റെ അമൃതം പദ്ധതിയിലൂടെ ഫ്രഷ് ടു ഹോം വിതരണം ചെയ്യുന്ന സൗജന്യ ഭക്ഷ്യ കിറ്റുകൾ കമ്പനി സി.ഒ.ഒ. മാത്യു ജോസഫ് സിറ്റി പൊലീസ് കമ്മീഷണർ വിജയ് സാഖറേക്ക് കൈമാറുന്നു.

കൊച്ചി : കേരള ജനമൈത്രി പൊലീസ് നടത്തുന്ന 'അമൃതം' പദ്ധതിയും ഓൺലൈൻ മത്സ്യ-മാംസ വിതരസ്ഥാപനമായ ഫ്രഷ്- ടു- ഹോമും ചേർന്ന് ദുരിതബാധിതമേഖലയായ ചെല്ലാനം പഞ്ചായത്തിലെ മത്സ്യതൊഴിലാളി കുടുംബങ്ങൾക്ക് ഭക്ഷ്യസാധന്യകിറ്റുകൾ വിതരണം ചെയ്തു. ചെല്ലാനം ഹാർബർ ഉൾപ്പെടുന്ന 15,16,17 വാർഡുകളിലെ താമസക്കാരായ എല്ലാകുടുംബങ്ങൾക്കും കിറ്റുകൾ സൗജന്യമായി ലഭ്യമാക്കും. 90 ശതമാനത്തിലധികവും മത്സ്യതൊഴിലാളി കുടുംബങ്ങളാണ് താമസിക്കുന്ന പ്രദോശമാണിത്. 1100 രൂപയിലധികം വിലവരുന്ന 1400 ൽപരം കിറ്റുകളാണ് വിതരണം ചെയ്യുന്നത്.

കടലുമായി മല്ലടിച്ച് പച്ചമീനുകൾ കരയിലെത്തിക്കുന്ന മത്സ്യത്തൊഴിലാളികളാണ് തങ്ങളുടെ കരുത്തെന്നും അവർക്കൊരു ബുദ്ധിമുട്ട് വരുമ്പോൾ സഹായിക്കേണ്ടത് കമ്പനിയുടെ കടമയാണെന്നും ഫ്രഷ് ടു ഹോം സി.ഒ.ഒ. മാത്യു ജോസഫ് പറഞ്ഞു.

കേരളത്തിൽ ഏറ്റവും കൂടുതൽ മത്സ്യം ശേഖരിക്കുന്നത് ചെല്ലാനം ഹാർബറിൽ നിന്നാണ്. ഇവിടത്തെ കുടുംബങ്ങളുടെ കഷ്ടപ്പാടുകൾ കണ്ടിലെന്നു വയ്ക്കുവാൻ കമ്പനിക്കാവില്ല. ഈ പ്രദേശത്ത് ട്രിപ്പിൾലോക്ക് ഡൗൺ നിലനിൽക്കുന്ന സാഹചര്യത്തിൽ ഭക്ഷ്യകിറ്റുകളുടെ വിതരണം കാര്യക്ഷമമായി നടക്കുന്നതിനും കൃത്യമായ കൈകളിൽ അവ എത്തുന്നതിനുമാണ് പൊലീസുമായി ഈ പദ്ധതിക്ക് കൈകോർക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഉന്നത പൊലീസ് ഉദ്യോഗസ്ഥരായ എ.സി.പി കെ.ലാൽജി, ഡി.സി.പി പൂങ്കുഴലി, ഡി.സി.പി രമേഷ് കുമാർ, എ.സി.പി ഫിലിപ്പ് കെ.പി, ഫ്രഷ് ടു ഹോം കേരള ചീഫ് ഓപ്പറേറ്റിംഗ് മാനേജർ അജിത്ത് നായർ, അജയ് കെ. മാത്യു എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു.

സിറ്റി പൊലീസ് കമ്മീഷണർ ഓഫീസിൽ നടന്ന ചടങ്ങിൽ ഫ്രഷ് -ടു- ഹോം സി.ഒ.ഒ. മാത്യു ജോസഫിൽ നിന്നും സിറ്റി പൊലീസ് കമ്മീഷണർ വിജയ് സാഖറേ കിറ്റുകൾ ഏറ്റുവാങ്ങി. തുടർന്ന് ചെല്ലാനത്ത് വിതരണത്തിനുള്ള കിറ്റുകളുമായി പോകുന്ന വാഹനങ്ങളുടെ ഫ്‌ളാഗ് ഓഫും കമ്മീഷണർ നിർവ്വഹിച്ചു.