കൊച്ചി: കേരളത്തിലെ തീരദേശ ജില്ലകളിൽ നിലവിലുള്ള കടൽ ഭിത്തികൾ അറ്റകുറ്റപ്പണി ചെയ്യുന്നതിനും തകർന്നുപോയ ഇടങ്ങളിൽ പുതിയവ നിർമ്മിക്കുന്നതിനായി സ്‌പെഷ്യൽ പർപ്പസ് വെഹിക്കിൾ രൂപീകരിച്ച് അടിയന്തര നടപടികൾ എടുക്കണമെന്ന് കേരള ലാറ്റിൻ കത്തോലിക് അസോസിയേഷൻ ആവശ്യപ്പെട്ടു. ചെല്ലാനം, സൗദി, പോലുള്ള പ്രദേശങ്ങളിലും ആലപ്പുഴ ജില്ലയിലെ തീരങ്ങളിലും സ്ഥിതി അതീവ ഗുരുതരമാണ്. ജിയോ ട്യൂബ് സംവിധാനം ഇനിയും ഒരുക്കാൻ ആകാത്തത് തികഞ്ഞ പരാജയമാണ്. കരിങ്കല്ല് ലഭിക്കാത്ത കാരണം പറഞ്ഞ് കടൽ ഭിത്തികളുടെ അറ്റകുറ്റപ്പണികൾ ഉപേക്ഷിക്കരുത്. പകരം കോൺക്രീറ്റ് ബ്ലോക്കുകളോ ടെട്രാ പോഡുകളോ ഉപയോഗിച്ച് കടൽ ഭിത്തികൾ നന്നാക്കാൻ അടിയന്തര നടപടികൾ എടുക്കണം എന്നാവശ്യപ്പെട്ട് സംസ്ഥാന പ്രസിഡന്റ് ആന്റണി നൊറോണ മുഖ്യമന്ത്രിക്കും വകുപ്പ് മന്ത്രിക്കും കത്ത് നൽകി.