കൊച്ചി: അമ്മയുടെ കരൾമാറ്റ ചികിത്സാസഹായമായി ലഭിച്ച ഒരു കോടിയിലേറെ രൂപയുടെ പങ്ക് ആവശ്യപ്പെട്ട് സന്നദ്ധ പ്രവർത്തകർ ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ ഫിറോസ് കുന്നുംപറമ്പലിൽ നിന്ന് കൊച്ചി സിറ്റി പൊലീസ് മൊഴിയെടുത്തു. തന്റെ സോഷ്യൽമീഡിയ പ്ളാറ്റ്ഫോമിലൂടെ യുവതി സഹായംചോദിച്ച് പോസ്‌റ്റിടുന്നതിന് മുമ്പേ ചികിത്സാചെലവിനു ശേഷമുള്ള പണം മറ്റ് രോഗികൾക്ക് കൈമാറണമെന്ന് വാക്കാൽ ധാരണയുള്ളതാണെന്ന് ഫിറോസ് വ്യക്തമാക്കി. ഒരു അക്കൗണ്ടിലേക്കും പണം കൈമാറണമെന്ന് പറഞ്ഞിട്ടില്ല. ഫേസ്ബുക്കിൽ പത്തു ലക്ഷത്തിലധികം ഫോളേവേഴ്സ് തനിക്കുണ്ട്. നേരത്തെ ചികിത്സാസഹായം ചോദിച്ചെത്തിയവർക്കു മുന്നിലും ഇതേ ധാരണയുണ്ടായിരുന്നു. ആരെയും ഭീഷണിപ്പെടുത്തിയിട്ടില്ല. പണം മറ്റ് രോഗികൾക്കും നൽകണമെന്ന് ആവശ്യപ്പെട്ടിരുന്നു. സാജൻ കോച്ചേരിയാണ് തനിക്ക് വീഡിയോ നൽകിയതെന്നും അക്കൗണ്ടിൽ ഫിറോസ് വ്യക്തമാക്കി. എറണാകുളം അസി. കമ്മിഷണർ കെ. ലാൽജിയുടെ നേതൃത്വത്തിൽ നടന്ന മൊഴിയെടുക്കൽ അഞ്ചുമണിക്കൂർ നീണ്ടുനിന്നു.

എറണാകുളം അമൃത ആശുപത്രിയിൽ അമ്മ രാധയുടെ ചികിത്സയുമായി ബന്ധപ്പെട്ട് മകൾ വർഷയാണ് ജൂൺ 24 ന് ഫേസ്ബുക്കിൽ പോസ്‌റ്റിട്ടത്. ഈ അക്കൗണ്ടിലേക്ക് എത്തിയ ഏറ്റവും ഉയർന്നതുക ഒരുലക്ഷം രൂപയാണ്. ചിലർ ഹവാലബന്ധങ്ങളും ഉയർത്തിയതോടെയാണ് പൊലീസ് കേസെടുത്തത്.