abhay-sreenicas-okka-

കൊവിഡ് കാലത്തെ ഏറ്റവും സവിശേഷമായ ഗുണങ്ങളിലൊന്നാണ് സഹപ്രവർത്തകരോടുള്ള കരുതൽ. രോഗഭീതി ലോകമെങ്ങും പടർന്നു പിടിക്കുമ്പോൾ വർക്ക് ഫ്രം ഹോം, മിനിമം സ്റ്റാഫ് എന്നിങ്ങനെ പുതിയ തൊഴിൽ സംസ്കാരങ്ങളിലേക്ക് മാറുകയാണ് നമ്മുടെ ജീവിതം. ഇതിനിടയിലും ഒപ്പം ജോലി ചെയ്യുന്നവരെ കരുതലോടെ കാണുന്ന മാനവികതയ്ക്ക് ഉത്തമ ഉദാഹരണമാണ് കർണാടക ഹൈക്കോടതിയിലെ ചീഫ് ജസ്റ്റിസ് അഭയ് ശ്രീനിവാസ് ഒക്ക. 2019 മേയ് മുതൽ കർണാടക ഹൈക്കോടതിയിൽ ചീഫ് ജസ്റ്റിസായ ഒക്ക തന്റെ നിലപാടുകളിലും പ്രവൃത്തികളിലും എന്നും മാനവികതയ്ക്ക് മുൻതൂക്കം നൽകുന്നു. ഇത്തരമൊരു സംഭവമാണ് കഴിഞ്ഞ ചൊവ്വാഴ്ച കർണാടക ഹൈക്കോടതിയിൽ അരങ്ങേറിയത്.

ബംഗളൂരു നഗരത്തിൽ മാത്രം ദിനംപ്രതി ആയിരത്തിലേറെ കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്യുന്നത്. രോഗഭീതിയിൽ ഹൈക്കോടതിയുടെ പ്രവർത്തനം തന്നെ തടസപ്പെടുമോയെന്ന ആശങ്കയും ശക്തമാണ്. ഇതിനിടെ കോടതി ജീവനക്കാരിയായ മേരി ജോസഫൈൻ കൊവിഡ് രോഗം ഭേദമായി ചൊവ്വാഴ്ച ജോലിക്ക് തിരികെയെത്തി. ഹൈക്കോടതിയുടെ പ്രധാന കവാടത്തിൽ അവരെ സ്വീകരിക്കാൻ സാക്ഷാൽ ചീഫ് ജസ്റ്റിസ് കാത്തു നിന്നു, ഒപ്പം കോടതി ജീവനക്കാരും മറ്റു ജഡ്‌ജിമാരും. അമ്പരപ്പോടെ കോടതിയുടെ ഗേറ്റ് കടന്നു വന്ന മേരി ജോസഫൈന് ഒരു ചുവന്ന റോസാപുഷ്പം സമ്മാനിച്ച ചീഫ് ജസ്റ്റിസ് അഭയ് ശ്രീനിവാസ് ഒക്ക തൊഴുകൈയോടെയാണ് അവരെ സ്വീകരിച്ചത്. രണ്ടു ദിവസം കൊണ്ട് ഇൗ ചടങ്ങിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിലടക്കം വൈറലായി. രോഗഭീതിയിൽ രോഗം ഭേദമായവരെപ്പോലും അകറ്റി നിറുത്താൻ ശ്രമിക്കുന്ന സമൂഹത്തിനു മാറി ചിന്തിക്കാനുള്ള സന്ദേശമാണ് ചീഫ് ജസ്റ്റിസ് നൽകിയതെന്ന് സമൂഹ മാദ്ധ്യമങ്ങൾ രേഖപ്പെടുത്തുന്നു. ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് കർണാടക സംസ്ഥാനത്തെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ നിരീക്ഷിച്ച് നിർദ്ദേശങ്ങൾ നൽകുന്നത്. രോഗത്തെയാണ് ഭയക്കേണ്ടതെന്നും രോഗികളെയല്ലെന്നുമുള്ള മഹത്തായ സന്ദേശമാണ് തന്റെ പ്രവൃത്തിയിലൂടെ ചീഫ് ജസ്റ്റിസ് കാട്ടിയത്.

 ആദരണീയരാണ് ഒാരോ ജീവനക്കാരനും

മാസങ്ങൾക്കു മുമ്പാണ്. കർണാടകയിലെ ചിക്കബെല്ലപ്പൂരിലെ പുതിയ കോടതി സമുച്ചയത്തിന്റെ ഉദ്ഘാടന ചടങ്ങ്. ഉദ്ഘാടനം ചീഫ് ജസ്റ്റിസ് അഭയ് ശ്രീനിവാസ് ഒക്ക നിർവഹിക്കുമെന്നായിരുന്നു അറിയിച്ചത്. പുതിയ കെട്ടിടത്തിലേക്ക് കടന്നു വന്ന അദ്ദേഹം കോടതിയിലെ ഏറ്റവും മുതിർന്ന അറ്റൻഡറെ അടുത്തേക്ക് വിളിച്ചു. അത്ഭുതത്തോടെ കോടതി ജീവനക്കാരൻ ഒാടിയെത്തി. കെട്ടിടം ആ കോടതി ജീവനക്കാരനെക്കൊണ്ടാണ് ചീഫ് ജസ്റ്റിസ് ഒക്ക ഉദ്ഘാടനം ചെയ്യിച്ചത്. ചടങ്ങുകൾക്ക് ആദ്യാവസാനം പങ്കെടുത്തു മടങ്ങിയ ചീഫ് ജസ്റ്റിസ് ഒാരോ മനുഷ്യനും, ഒാരോ ജീവനക്കാരനും ആദരവിന് അർഹരാണെന്ന സന്ദേശമാണ് ഇതിലൂടെ നൽകിയത്. കൊവിഡ് കാലമായതോടെ കോടതികൾ വീഡിയോ കോൺഫറൻസിംഗിലേക്ക് ചുവടു മാറിയപ്പോൾ കോടതി മുറിയിൽ അരങ്ങേറിയ മറ്റൊരു കഥപറയാം. കഴിഞ്ഞ മേയിലാണ് ചീഫ് ജസ്റ്റിസ് ഒക്കയുടെ ബെഞ്ചിൽ ഒരു അഭിഭാഷകൻ വീഡിയോ കോൺഫറൻസിംഗ് മുഖേന ഹാജരായത്. സാധാരണ ഇത്തരം സന്ദർഭങ്ങളിൽ അഭിഭാഷകർ തന്റെ ഒാഫീസിലെ കമ്പ്യൂട്ടറിനു മുന്നിലോ മൊബൈൽ ഫോണിനു മുന്നിലോ ലാപ്ടോപ്പിനും മുന്നിലോ ഇരുന്നാണ് വാദം നടത്തുന്നത്. എന്നാൽ ഇൗ അഭിഭാഷകൻ ഒരു പീഠമൊക്കെ മുന്നിലൊരുക്കി കോടതി മുറിയിലെന്നപോലെ നിന്നു വാദിക്കാനാണ് തുടങ്ങിയത്. ചീഫ് ജസ്റ്റിസ് ഇതുകണ്ട് അത്ഭുതപ്പെട്ടു.

"നിങ്ങൾ ഇരുന്നുകൊണ്ടു വാദിക്കൂ. ഇതു വീഡിയോ കോൺഫറൻസിംഗ് അല്ലേ ?"

"നോ സർ, എനിക്ക് നിന്നുകൊണ്ടു വാദിക്കുന്നതാണ് ശീലം."

"നിങ്ങൾ ഒാഫീസിൽ ഒരു ഡയസ് തന്നെ ഒരുക്കിയിട്ടുണ്ടല്ലോ ?"

അഭിഭാഷകൻ വാദം തുടർന്നു. വാദം പൂർത്തിയാക്കിയശേഷം ചീഫ് ജസ്റ്റിസ് പറഞ്ഞു

"താങ്കൾ ഇതിന്റെ ചിത്രമെടുത്ത് നമ്മുടെ ബാറിലെ സഹപ്രവർത്തകരെ കാണിക്കണം. കോടതി മുറിയുടെ ഫീലിംഗാണ് നിങ്ങൾ നൽകിയത്. അഭിഭാഷകർക്ക് തങ്ങളുടെ വാദങ്ങൾ ശക്തമായി ഉന്നയിക്കാൻ കഴിയുന്നത് നിന്നു വാദിക്കുമ്പോഴാണ്." - ചീഫ് ജസ്റ്റിസ് പറഞ്ഞു. മാനവികതയ്ക്കൊപ്പം മാറ്റങ്ങളുടെയും സഹചാരിയാണ് ചീഫ് ജസ്റ്റിസ് അഭയ് ശ്രീനിവാസ് ഒക്ക.

 ആരാണ് അഭയ് ശ്രീനിവാസ് ഒക്ക

മുംബയ് സ്വദേശിയായ അഭയ് ശ്രീനിവാസ് ഒക്ക 1983 ലാണ് അഭിഭാഷകനായി എൻറോൾ ചെയ്തത്. പിതാവ് ശ്രീനിവാസ് ഒക്കയ്ക്കൊപ്പം താനേ ജില്ലാ കോടതിയിൽ പ്രാക്ടീസ് തു‌ടങ്ങി. 1985ലാണ് ബോംബെ ഹൈക്കോടതിയിൽ എത്തിയത്. അദ്ദേഹം ഇവിടെ 18 വർഷം പ്രാക്ടീസ് ചെയ്തു. 2003 ആഗസ്റ്റിൽ ബോംബെ ഹൈക്കോടതിയിൽ അഡിഷണൽ ജഡ്ജിയായി. 2005 ൽ സ്ഥിരം ജഡ്ജിയായി. 2019 മേയ് പത്തിനാണ് കർണാടക ഹൈക്കോടതി ചീഫ് ജസ്റ്റിസായി ചുമതലയേറ്റത്.