കോതമംഗലം: മാതിരപ്പിള്ളി പള്ളിപ്പടി മുതൽ ഇഞ്ചൂർ പള്ളിക്കൽ കാവ് വരെ 3 കിലോമീറ്റർ പുതുതാായി വലിച്ച ഹൈടെൻഷൻ ഏരിയൽ ബഞ്ച്ഡ് കേബിളിന്റേയും (എ.ബി.സി ) ഇഞ്ചൂർ പള്ളിക്കൽ കാവ്, ഇഞ്ചൂർ പുനരധിവാസ കോളനി എന്നിവിടങ്ങളിൽ പുതുതായി സ്ഥാപിച്ച രണ്ട് ട്രാൻസ്ഫോർമറുകളുടേയും സ്വിച്ചോൺ കർമ്മം ആന്റണി ജോൺ എം.എൽ.എ നിർവഹിച്ചു. ഇഞ്ചൂർ ഭാഗത്ത് ഏറെ നാളുകളായി അനുഭവപ്പെടുന്ന വോൾട്ടേജ് ക്ഷാമത്തിന് ഇതോടെ പരിഹാരമായി. ഈ ഭഗത്ത് മരങ്ങളുടെ ചില്ലകൾ തട്ടി നിരന്തരം വൈദ്യുതി പോകുന്നത് പതിവായിരുന്നു. ഇത്തരത്തിലുള്ള പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിനായിട്ടാണ് ഹൈടെൻഷൻ ഏരിയൽ ബഞ്ച്ഡ് കേബിൾ വലിച്ച് പുതിയ രണ്ട് ട്രാൻസ്ഫോർമറുകൾ സ്ഥാപിച്ചത്.താലൂക്കിൽ ആദ്യമായിട്ടാണ് പൊതുജനങ്ങൾക്കായി എ.ബി.സി വലിച്ച് ട്രൻസ്ഫോർമറുകൾ സ്ഥാപിച്ചത്. 50 ലക്ഷം രൂപ ചിലവിട്ടാണ് പ്രസ്തുത പദ്ധതി നടപ്പിലാക്കിയിട്ടുള്ളത്. ഇഞ്ചൂർ പളളിക്കൽ കാവ്, പീച്ചാട്ട് കാവ് പാറശ്ശാലപ്പടി, പെൻസിലികുന്ന്, പുനരധിവാസ കോളനി തുടങ്ങിയ സ്ഥലങ്ങളിൽ ഈ പദ്ധതിയുടെ പ്രയോജനം ലഭ്യമാകും. ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല മോഹനൻ, വാർഡ് മെമ്പർ പി.വി മോഹനൻ, എ.എക്സ് ഇ ഗോപി എൻ.കെ തുടങ്ങിയവർ പങ്കെടുത്തു.