കൊച്ചി: ബ്രഹ്മപുരത്ത് മാലിന്യത്തിൽ നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കുന്ന പ്ളാന്റിന്റെ നിർമ്മാണ കരാറിൽ നിന്ന് കരാറുകാരായ ജി.ജെ.ഇക്കോപവറിനെ ഒഴിവാക്കിയതുമായി ബന്ധപ്പെട്ട് യു.ഡി.എഫ് അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്നതായി കൊച്ചി കോർപ്പറേഷൻ പ്രതിപക്ഷ നേതാവ് കെ.ജെ.ആന്റണി,എൽ.ഡി.എഫ് പാർലിമെന്ററി പാർട്ടി സെക്രട്ടറി വി.പി.ചന്ദ്രൻ എന്നിവർ കുറ്റപ്പെടുത്തി.ആവശ്യത്തിന് സമയം നൽകിയിട്ടും പദ്ധതിക്ക് ആവശ്യമായ സാമ്പത്തിക ഉറവിടം കണ്ടെത്താൻ കമ്പനിക്ക് സാധിച്ചില്ല. പദ്ധതി നിർവഹണം സമയബന്ധിതമായി പൂർത്തിയാക്കാൻ അവർക്ക് സാധിക്കില്ലെന്ന് വ്യക്തമായ സാഹചര്യത്തിലാണ് കമ്പനിയെ ഒഴിവാക്കാൻ സർക്കാർ തീരുമാനിച്ചത്.ഈ പദ്ധതി മുന്നോട്ടു കൊണ്ടു പോകുന്നതിനായി പ്രാപ്തരായ കമ്പനിയെ ടെൻഡറിലൂടെ കണ്ടെത്തുന്നതിന് കെ. എസ്.ഐ.ഡി.സിയെ സർക്കാർ ചുമതലപ്പെടുത്തുകയും ചെയ്തു. ഇക്കാര്യങ്ങളെല്ലാം അറിയുന്ന ടി.ജെ .വിനോദ് എം. എൽ.എ ഉൾപ്പെടെയുള്ളവർ അസത്യങ്ങൾ പ്രചരിപ്പിക്കുകയാണെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി.ദേശിയ ഹരിത ട്രൈബ്യൂണൽ മൂന്നു കോടി രൂപ പെർഫോമൻസ് ഗ്യാരന്റി ഇനത്തിലും, ഒരു കോടി രൂപ പിഴയും ചുമത്തിയത് ടി.ജെ.വിനോദ് ഡെപ്യൂട്ടി മേയർ പദം അലങ്കരിക്കുമ്പോഴാണ്. തദ്ദേശതിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് യു.ഡി.എഫ് നേതൃത്വം നുണപ്രചരണം നടത്തുകയാണെന്ന് പ്രതിപക്ഷ നേതാക്കൾ പറഞ്ഞു .