abdhu-salam

കൊച്ചി: നയതന്ത്ര ചാനലിലൂടെയുള്ള സ്വർണക്കടത്തിന് പണം നിക്ഷേപിച്ച മലപ്പുറം മഞ്ചേരി പുളിക്കുത്ത് വീട്ടിൽ ഹംസത്ത് അബ്‌ദു സലാമിനെ (57) കസ്‌റ്റംസ് പ്രിവന്റീവ് വിഭാഗം അറസ്‌റ്റ് ചെയ്ത് സാമ്പത്തിക കുറ്റകൃത്യങ്ങൾ പരിഗണിക്കുന്ന മജിസ്‌ട്രേട്ട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു. ഇതോടെ സ്വർണം വാങ്ങാൻ പണം മുടക്കിയവരിൽ അറസ്റ്റിലായവരുടെ എണ്ണം 11 ആയി.

നേരത്തെ പിടിയിലായ പെരിന്തൽമണ്ണ സ്വദേശി റെമീസ്, മൂവാറ്റുപുഴ സ്വദേശി ജലാൽ എന്നിവർ വഴിയാണ് ഹംസത്ത് സ്വർണക്കടത്തിന് പണം നിക്ഷേപിച്ചത്. ലാഭത്തിന്റെ പത്തു ശതമാനമായിരുന്നു വാഗ്ദാനം. ആദ്യമായാണ് പണം നിക്ഷേപിക്കുന്നതെന്ന ഹംസത്തിന്റെ മൊഴി കസ്‌റ്റംസ് വിശ്വാസത്തിലെടുത്തിട്ടില്ല. ഇയാളെ കസ്‌റ്റഡിയിലെടുത്ത് വീണ്ടും ചോദ്യം ചെയ്യും.

അതേസമയം,​ ദുബായിൽ നിന്ന് സ്വർണം അയയ്ക്കുന്ന ഫൈസൽ ഫരീദിന്റെ തൃശൂർ കൈപ്പമംഗലത്തുള്ള വസതിയിൽ എൻ.ഐ.എ വാറണ്ട് നോട്ടീസ് പതിപ്പിച്ചു. വീട്ടിൽ കസ്‌റ്റംസ് കഴിഞ്ഞ ദിവസം പരിശോധന നടത്തിയിരുന്നു. ഫൈസലിനെ കേരളത്തിലെത്തിക്കാൻ വൈകുന്നതിനെക്കുറിച്ച് പ്രതികരിക്കാൻ എൻ.ഐ.എ ഉദ്യോഗസ്ഥർ ഇതുവരെ തയ്യാറായിട്ടില്ല.