കൊച്ചി: 156 രാജ്യങ്ങളിൽ സാന്നിദ്ധ്യമുള്ള വേൾഡ് മലയാളി ഫെഡറേഷനുമായി ചേർന്ന് ലോകത്തെ ഏറ്റവും വലിയ കലാപരിശീലന ശൃംഖല ഓൺലൈനിലൂടെ ഒരുക്കി കലാഭവൻ. ലോകത്തെവിടെനിന്നും മലയാളികൾക്ക് കലാ പരിശീനത്തിന് ഓൺലൈൻ ക്ലാസുകളിലൂടെ അവസരമൊരുക്കും. ക്ലാസിക്കൽ ഡാൻസ്, സിനിമാറ്റിക് ഡാൻസ്, ശാസ്ത്രീയസംഗീതം, ഗിറ്റാർ, കീബോർഡ്, വയലിൻ, തബല, മൃദഗം, ഫ്‌ളൂട്ട്, ഡ്രംസ്, ഡ്രോയിംഗ് തുടങ്ങിയ വിഷയങ്ങളിലാണ് ക്ലാസുകൾ. കൊവിഡിന്റെ പശ്ചാത്തലത്തിൽ സ്റ്റേജ് കലാകാരന്മാർക്കും കലാ പരിശീലകർക്കും വിദ്യാർത്ഥികൾക്കും നേരിടേണ്ടിവന്ന സമ്പത്തികവും മാനസികവുമായ പ്രതിസന്ധികളെ മറികടക്കുകയാണ് ഇതിലൂടെ ലക്ഷ്യമാക്കുന്നതെന്ന് വേൾഡ് മലയാളി ഫെഡറേഷൻ ഗ്ലോബൽ ചെയർമാൻ പ്രിൻസ് പുളിക്കുന്നേലും കൊച്ചിൻ കലാഭവൻ സെക്രട്ടറി കെ.എസ്. പ്രസാദും അറിയിച്ചു.