vegilabe
രാജേഷും ഭാര്യ ജീനയും മകൻ ജോഹനും വീടിന്റെ ടെറസിൽ പച്ചക്കറികൃഷി വിളവെടുപ്പിൽ.

അങ്കമാലി: തൊഴിലും വരുമാനവും പ്രതിസന്ധിയിലാണെങ്കിലും വീടിന്റെ ടെറസ് മുഴുവൻ ഒരുക്കിയ പച്ചക്കറി കൃഷി രാജേഷിനും കുടുംബത്തിനും ഇപ്പോൾ അതിജീവനത്തിന് മുതൽക്കൂട്ടായി. വീട്ടാവശ്യത്തിന് പുറമെ നിത്യചിലവുകൾക്ക് തുക കണ്ടെത്താനുള്ള വരുമാന മാർഗവുമായി മാറിയ ഈ ടെറസിലെ കൃഷിത്തോട്ടം ആരെയും ആശ്ചര്യപ്പെടുത്തുന്ന കാഴ്ച്ചയാണ്.അങ്കമാലിക്കടുത്ത് നോർത്ത് കിടങ്ങൂരിൽ താമസിക്കുന്ന മഞ്ഞപ്ര തിരുതനത്തിൽ പരേതനായ ഡേവിസിന്റെ മകൻ രാജേഷാണ് വീടിന്റെ ടെറസ് കൃഷിയിടമാക്കിയത്. 1200 ചതുരശ്രയടി വിസ്‌തീർണമുള്ള വീടിന്റെ ഒന്നാം നിലയിൽ 1000 ചതുരശയടിയോളം സ്ഥലമാണ് കൃഷിയിടമാക്കിയിട്ടുള്ളത്. ഇവിടെ പച്ചമുളക്, വഴുതനങ്ങ, തക്കാളി, കോവയ്ക്ക, പടവലങ്ങ, അച്ചിങ്ങ, പാവയ്ക്ക, വെണ്ടയ്ക്ക, ഇഞ്ചി, വേപ്പില, മഞ്ഞൾ, ചേമ്പ്, കാച്ചിൽ, കൂർക്ക, ചീര തുടങ്ങി എല്ലാം ഉണ്ട്.കൂടാതെ ബർഗറിന് ഉപയോഗിക്കുന്ന ലിച്ചൂസും മുന്തിരി ചെടികളും വളർത്തുന്നുണ്ട്. 20 ലിറ്ററിന്റെ ഒഴിഞ്ഞ പെയിന്റ് ടിന്നുകളിലും ഗ്രോ ബാഗിലുമാണ് കൃഷി. നനയ്ക്കാൻ ഡ്രിപ് സംവിധാനം ഒരുക്കിയിരിയ്ക്കുന്നു.

ജൈവകൃഷി

ജൈവ വളങ്ങൾ ഉപയോഗിച്ചും കീട നാശിനികൾ ഉപയോഗിക്കാതെയും വിഷരഹിതമായി ഉൽപ്പാദിപ്പിക്കുന്ന കാർഷിക വിളകൾ ആയതിനാൽ ഇതിന് ആവശ്യക്കാർ ഏറെയാണെന്നാണ് രാജേഷ് പറയുന്നു. ഭാര്യ ജീനയും അങ്കമാലി ഡോൺബോസ്‌കോ പബ്ലിക് സ്കൂളിൽ നാലാം ക്ലാസിൽ പഠിക്കുന്ന മകൻ ജോഹനും ടെറസിലെ കൃഷി പരിപാലനത്തിന് അതീവ ശ്രദ്ധാലുക്കളാണ്. 22 വർഷത്തോളമായി രാജേഷ് ‌ അങ്കമാലി ഇടശ്ശേരി ഹോട്ടൽസ് ഗ്രൂപ്പിന്റെ അക്കൗണ്ടന്റും അവരുടെ കാർഷിക മേൽനോട്ടക്കാരനുമാണ്.