പള്ളുരുത്തി: മഹാമാരിക്കാലത്തും കൈ സഹായവുമായി ജുഡ്സണും കൂട്ടരും ചെല്ലാനത്ത്. അടച്ചു പൂട്ടിയ ചെല്ലാനത്തെ വാർഡുകളിലെ തീരദേശവാസികൾക്കാണ് കഴിഞ്ഞ കുറെ നാളുകളായി ഇവർ ഭക്ഷണം എത്തിച്ചു കൊണ്ടിരിക്കുന്നത്. ദിനം പ്രതി ആയിരം പേർക്കാണ് ഭക്ഷണ വിതരണം. ആവശ്യമുള്ള പക്ഷം ഇനിയും കൂടുതൽ മേഖലകളിലേക്ക് ഭക്ഷണം എത്തിക്കാൻ ജുഡ്സണും കൂട്ടരും തയ്യാറാണ്.സെഹിയോൻ പ്രേക്ഷിതസംഘം സംഘടനാ ഭാരവാഹിയായ ജുഡ്സനോടൊപ്പം ഡോ.അരുൺ ഉമ്മൻ, ടോം രജ്ഞിത്ത്, അഖിൽ, അജോ, അഭിലാഷ്, സുജിത്ത് എന്നിവരുമുണ്ട്.അടച്ചു പൂട്ടിയ മറ്റു പ്രദേശങ്ങളിലുള്ളവർക്കും പ്രായം ചെന്നു വഴിയിൽ അലഞ്ഞ് തിരിഞ്ഞു നടക്കുന്നവർക്കും ഭക്ഷണം എത്തിക്കുന്നുണ്ട്. കഴിഞ്ഞ കുറെ വർഷങ്ങളായി 3 നേരവും ജൂഡ്സന്റെ ഭക്ഷണം മാത്രം കാത്ത് നിൽക്കുന്ന പ്രായമായവരും കൂട്ടത്തിലുണ്ട്. സ്കൂൾ തുറക്കാത്തതോടെ വിദ്യാർത്ഥികളുടെ ഭക്ഷണ പൊതിവരവ് നിലച്ചത് കുറെ പേർക്ക് അന്നംമുട്ടി. കൊവിഡിനെ വകവെക്കാതെയാണ് ജുഡ്സണും കൂട്ടരും ചെല്ലാനത്ത് ഭക്ഷണ പൊതി വിതരണം നടത്തുന്നത്. പുലർച്ചെ 3 മണിക്ക് എഴുന്നേറ്റാൽ മാത്രമേ ഇത്രയും പേർക്ക് ഭക്ഷണം പാകം ചെയ്ത് ക്യത്യസമയത്ത് ലക്ഷ്യ സ്ഥാനങ്ങളിൽ എത്തിക്കാൻ കഴിയൂ.