കോതമംഗലം: ഭൂമി സംബന്ധമായ ബി.ടി.ആർ രേഖ തിരുത്താൻ സഹായിക്കാമെന്ന പേരിൽ വിവിധ പ്രദേശങ്ങളിൽ തട്ടിപ്പ് നടക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും ഇതിനെതിരെ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും പൊലീസ് അറിയിച്ചു. പൂർണമായും സർക്കാർ അധീനതയിലുള്ള രജിസ്റ്ററാണ് ബി.ടി.ആർ റവന്യൂ ഓഫീസിൽ സൂക്ഷിച്ചിട്ടുള്ള ഭൂമി സംബന്ധമായ വിവരങ്ങൾ രേഖപ്പെടുത്തുന്ന സുപ്രധാന രേഖയാണിത്. രേഖകളിൽ മാറ്റം വരുത്തുവാൻ സ്വകാര്യ സ്ഥാപനങ്ങളെയോ വ്യക്തികളെയോ സർക്കാർ ചുമതലപ്പെടുത്തിയിട്ടില്ല. ഭൂമി തരം മാറ്റുന്നത് 2008 ലെ കേരള നെൽവയൽ-തണ്ണീർത്തട സംരക്ഷണ നിയമപ്രകാരമാണ്.ആർ.ഡി.ഒ, താലൂക്ക്, വില്ലേജ്, കൃഷിഭവൻ തുടങ്ങിയ ഓഫീസുകളിലെ ഫയലുകളുടെ പരിശോധന, റവന്യൂ - കൃഷി വകുപ്പ് ഉദ്യോഗസ്ഥരുടെ സ്ഥല പരിശോധന, റിപ്പോർട്ട് സമർപ്പിക്കൽ, സർവേസബ് ഡിവിഷൻ തുടങ്ങിയ നടപടിക്രമങ്ങൾക്ക് ശേഷമാണ് ഭൂമി തരം മാറ്റുന്നത്.ഇതിന് ഭൂമിയുടെ ന്യായവിലയുടെ അടിസ്ഥാനത്തിൽ സർക്കാർ നിശ്ചയിച്ചിട്ടുള്ള ഫീസ് മാത്രമാണ് ഭൂഉടമകൾ നൽകേണ്ടത്. പൂർണമായും സർക്കാർ സംവിധാനത്തിന് കീഴിലുളള നടപടിയാണ് ഭൂമി തരം മാറ്റൽ ഭൂഉടമകൾ നേരിട്ടല്ലാതെ ഇടനിലക്കാർ മുഖേന എത്തുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല.

തട്ടിപ്പ് പരസ്യബോർഡുകൾ സ്ഥാപിച്ച്

താലൂക്കിന്റെ വിവിധ മേഘലകളിൽ ബിടിക്ക് തിരുത്താൻ സഹായിക്കാം എന്ന അറിയിപ്പുമായി പരസ്യബോർഡുകൾ സ്ഥാപിച്ചാണ് തട്ടിപ്പ് നടത്തുന്നത് .ഇതിനെതിരെ തഹസിൽദാർ പൊലീസിൽ പരാതി നൽകിയിട്ടുമുണ്ട്. ഇത്തരം തട്ടിപ്പ് സംഘങ്ങളുടെ വലയിൽപ്പെട്ട് സാമ്പത്തിക ചൂഷണത്തിന് ഇരയാകരുതെന്നും ഇതുമായി ബന്ധപ്പെട്ട വ്യാജ പ്രചരണങ്ങൾ വിശ്വവസിക്കരുതെന്നും പൊലീസ് അറിയിച്ചു.