bridge
ചെറുവേലിക്കുന്ന് തുറ പാലത്തിൻ്റെ നിർമ്മാണോദ്ഘാടനം എംഎൽഎമാരായ എൽദോസ് കുന്നപ്പിള്ളിയും വിപി സജീന്ദ്രനും ചേർന്ന് നിർവഹിക്കുന്നു

പെരുമ്പാവൂർ: വെങ്ങോല ഗ്രാമപഞ്ചായത്തിലെ തുറ സമാന്തര പാലത്തിന് ശാപമോക്ഷം. വർഷങ്ങളുടെ കാത്തിരിപ്പിന് ശേഷം തുറ പാലത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചു. എം.എൽ.എമാരായ എൽദോസ് കുന്നപ്പിള്ളിയും വി.പി സജീന്ദ്രനും ചേർന്ന് പാലത്തിന്റെ നിർമ്മാണോദ്‌ഘാടനം നിർവഹിച്ചു. പദ്ധതിയുടെ രൂപരേഖ ആദ്യം തയ്യാറാക്കിയത് റൂബി സോഫ്ടെക്ക് ആയിരുന്നു.ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ സ്വാതി റെജികുമാർ അദ്ധ്യക്ഷത വഹിച്ചു. വാഴക്കുളം ബ്ലോക്ക് പ്രസിഡന്റ് നൂർജഹാൻ സക്കീർ, ബ്ലോക്ക് പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ജോജി ജേക്കബ്, വാഴക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷെറീന ബഷീർ, വെങ്ങോല വൈസ് പ്രസിഡന്റ്‌ എൽദോ മോസസ്, വെങ്ങോല ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ നിഷ അലിയാർ, വാർഡ് മെമ്പർമാരായ അനീസ ഇസ്മായിൽ, പി.എ മുക്താർ, ബ്ലോക്ക് പഞ്ചായത്ത്‌ അംഗം റെനീഷ അജാസ് എന്നിവർ പങ്കെടുത്തു.

ഒടുവിൽ ഡ്രിക്കിന്റെ അംഗീകാരം

2018 ലെ പ്രളയത്തിന് ശേഷം ജലനിരപ്പിലെ വ്യത്യാസവും രൂപരേഖയിലെ കോഡുകളിൽ വന്ന മാറ്റവും കാരണം പൊതുമരാമത്ത് വകുപ്പ് രൂപരേഖ വിഭാഗമായ ഡ്രിക്ക് ഇതിന് അംഗീകാരം നൽകാതെ വരികയും തുടർന്ന് ഡ്രിക്ക് തന്നെ പുതിയ രൂപരേഖ തയ്യാറാക്കുകയുമായിരുന്നു. അതിന് ശേഷം പുതുക്കിയ എസ്റ്റിമേറ്റ് തയ്യാറാക്കിയ ശേഷമാണ് ടെൻഡർ ഉൾപ്പെടെയുള്ള നടപടികളിലേക്ക് കടക്കുവാൻ സാധിച്ചത്.

നിർമ്മാണപ്രവർത്തനങ്ങൾക്ക് തുടക്കം

പെരുമ്പാവൂർ മണ്ഡലത്തിലെ വെങ്ങോല പഞ്ചായത്തിലെ ചെമ്പരത്തുകുന്നിനെയും കുന്നത്തുനാട് മണ്ഡലത്തിലെ വാഴക്കുളം ഗ്രാമ പഞ്ചായത്തിലെ ചെറുവേലിക്കുന്നിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന പാലമാണ് ഇത്. 1.50 കോടി രൂപയാണ് പദ്ധതിക്കായി അനുവദിച്ചിരുന്നത്. നിലവിലുള്ള പാലത്തിന് സമന്തരമായിട്ടാണ് പുതിയ പാലം നിർമ്മിക്കുന്നത്. 16.65 മീറ്റർ നീളത്തിൽ 9.75 മീറ്റർ വീതിയിലാണ് പാലത്തിന്റെ നിർമ്മാണം. കൂടാതെ സംരക്ഷണ ഭീതിയും അപ്രോച്ച് റോഡും നിർമ്മിക്കുന്നതിനും പദ്ധതിയിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്.