പള്ളുരുത്തി: അടച്ച് പൂട്ടിയ ചെല്ലാനം പഞ്ചായത്തിൽ രോഗികളുടെ എണ്ണം 200 കവിഞ്ഞിട്ടും ജനം റോഡിൽ തന്നെ. കടകളിൽ പല ചരക്ക് സാധനങ്ങളും പച്ചക്കറി എന്നിവ വാങ്ങാനുമാണ് യുവാക്കൾ കൂട്ടമായി പുറത്തിറങ്ങുന്നത്. രണ്ട് പഞ്ചായത്തംഗങ്ങൾക്ക് ഇതിനോടകം അസുഖം ബാധിച്ചു.പഞ്ചായത്ത് പ്രസിഡൻ്റ് നിരീക്ഷണത്തിലാണ്. രാവിലെയും വൈകിട്ടും ഈ ഭാഗങ്ങളിൽ പൊലീസ് ഇല്ലാത്തതാണ് കൂടുതൽ പ്രശ്നം. പകൽ സമയത്ത് തന്നെ പൊലീസുകാരുടെ കുറവ് അനുഭവപ്പെടുന്നുണ്ട്. പലരും പൊലീസുകാരെ അസഭ്യം പറയുകയും റോഡുകളിൽ അടച്ചു വെച്ചവ നീക്കം ചെയ്ത് കടന്നു പോകലും ഇവിടെ പതിവായി.മാസ്ക് വെക്കാത്തവരും കൂട്ടത്തിലുണ്ട്. ഇനിയും ജനം പഞ്ചായത്തിൽ അലക്ഷ്യമായി പുറത്തിറങ്ങിയാൽ രോഗബാധിതരുടെ എണ്ണം ക്രമാതീതമായി വർദ്ധിക്കുമെന്നാണ് അധികാരികളുടെ കണക്ക് കൂട്ടൽ. മഹാമാരി നേരിടുന്ന തീരദേശത്ത് ഇന്നലെയും കടൽ വെള്ളം വീടുകളിലേക്കും റോഡുകളിലേക്കും എത്തിയിരുന്നു. മീൻ ഗ്രാമമായ തീരദേശത്ത് മീൻ എത്തിയിട്ട് മാസങ്ങൾ കഴിഞ്ഞു.തൊഴിലാളികൾ കടലിൽ ഇറങ്ങാത്തതും പുറത്തു നിന്നും മീൻ തീരദേശത്തേക്ക് വരാൻ സമ്മതിക്കാത്തതുമാണ് മീൻ ക്ഷാമം നേരിടാൻ കാരണം.ഇനി എന്ന് വള്ളങ്ങൾ കടലിൽ ഇറക്കുവാൻ കഴിയും എന്ന ധർമ്മസങ്കടത്തിലാണ് മത്സ്യതൊഴിലാളികൾ. ഇതിനോടകം കടലിലെ തിരയടിയേറ്റ് പല വ ളളങ്ങളും എൻജിനുകളും തകർന്നു. മത്സ്യതൊഴിലാളിയുടെ ഗർഭിണിയായ ഭാര്യക്ക് അസുഖം വന്നതാണ് ഹാർബർ അടച്ചുപൂട്ടാൻ കാരണം.ഇതോടെ ഇയാൾ പോയ വള്ളത്തിലെ ജോലിക്കാരും നിരീക്ഷണത്തിലായി. ഇവിടെ നിന്നാണ് ഇപ്പോൾ അസുഖ ബാധിതർ 200 കവിഞ്ഞത്.