കൊച്ചി : തിരുവനന്തപുരത്ത് ശ്രീകണ്ഠേശ്വരം എൻ.എസ്.എസ് കരയോഗത്തിന്റെ കൈവശമുള്ള 12 സെന്റ് പാട്ടഭൂമി ഒഴിയാനുള്ള സർക്കാർ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. ഭൂമി പതിച്ചു നൽകണമെന്നാവശ്യപ്പെട്ട് കരയോഗം നൽകിയ അപേക്ഷ ആറുമാസത്തിനകം വീണ്ടും പരിഗണിച്ച് സർക്കാർ തീരുമാനമെടുക്കാനും ഹൈക്കോടതി വിധിയിൽ പറയുന്നു.
മുപ്പതു വർഷത്തേക്കായിരുന്നു പാട്ടം. 1990ന് കാലാവധി അവസാനിച്ചു. 1984 ൽ ഭൂമി പതിച്ചു നൽകണമെന്നാവശ്യപ്പെട്ട് തഹസിൽദാർക്ക് അപേക്ഷ നൽകിയെങ്കിലും നടപടിയുണ്ടായില്ല. പിന്നീട് കളക്ടർക്കും അപേക്ഷ നൽകി. ഇതിനിടെ ഭൂമി ഉപപാട്ടത്തിന് നൽകിയെന്ന് ചൂണ്ടിക്കാട്ടി തഹസിൽദാർ കളക്ടർക്ക് റിപ്പോർട്ടു നൽകി. തുടർന്ന് ഇതിനെതിരെ സിവിൽ കോടതിയെ സമീപിച്ചെങ്കിലും പാട്ടക്കാലാവധി കഴിഞ്ഞതിനെത്തുടർന്ന് ഹർജി തള്ളി. ഭൂമി പാട്ടത്തിന് നൽകണോ പതിച്ചു നൽകണോയെന്നു സർക്കാരാണ് തീരുമാനിക്കേണ്ടതെന്നും വ്യക്തമാക്കിയിരുന്നു. എന്നാൽ, ഭൂമി ഉപപാട്ടത്തിനു നൽകിയെന്നു വിലയിരുത്തി ഭൂമി പതിച്ചു നൽകാനാവില്ലെന്ന് സർക്കാർ വ്യക്തമാക്കി. പാട്ടക്കുടിശികയായി 82 ലക്ഷം രൂപ നൽകാനുണ്ടെന്നും സർക്കാർ വാദിച്ചു. എന്നാൽ ഭൂമി പതിച്ചു കിട്ടാൻ ഹർജിക്കാർക്ക് അവകാശമുണ്ടോയെന്നു സർക്കാർ പരിഗണിക്കണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചു. 1990 വരെയുള്ള പാട്ടക്കുടിശിക നൽകാൻ ഹർജിക്കാർക്ക് ബാദ്ധ്യതയുണ്ട്. പതിച്ചു നൽകുന്ന കാര്യത്തിൽ തീരുമാനമെടുത്തശേഷമാണ് പാട്ടക്കുടിശികയുടെ കാര്യം പരിഗണിക്കുകയെന്നും ഹൈക്കോടതി വ്യക്തമാക്കി.