കൊച്ചി: മൂന്നുദിവസം കടൽ താണ്ഡവമാടിയ ചെല്ലാനത്ത് ഇന്നലെ സമാധാനത്തിന്റെ ദിനം. വീടുകളിൽ നിന്ന് കടൽവെള്ളം ഇറങ്ങിത്തുടങ്ങി. തെക്കേ ചെല്ലാനം മുതൽ മാനാശേരി വരെയുള്ള താഴ്ന്ന പ്രദേശങ്ങളിലെ വീടുകളാണ് വെള്ളത്തിലായത്. നിരവധി വീടുകൾക്ക് പൂർണമായും ഭാഗികമായും കേടുപാടു സംഭവിച്ചു. കക്കൂസുകളും കിണറുകളും ഉപയോഗശൂന്യമായി.
പലയിടങ്ങളിലും ജനലിനൊപ്പം മണൽ കയറി. ചെളിയും കെട്ടിക്കിടക്കുന്നുണ്ട്. വീടുകൾക്കുള്ളിൽ നിന്ന് ചെളിയും മാലിന്യവും നീക്കുന്ന തിരക്കിലാണ് നാട്ടുകാർ.
1230 കുടുംബങ്ങളെയാണ് വെള്ളക്കയറ്റം ദുരിതത്തിലാക്കിയത്. മറുവക്കാട്, ഫിഷർമെൻ കോളനി, തെക്കേ ചെല്ലാനം തുടങ്ങിയ വാർഡുകളിലാണ് കടൽ കയറ്റം രൂക്ഷം. ചാക്കുകളിൽ മണ്ണു നിറച്ച് നാട്ടുകാർ തന്നെ വെള്ളം തടഞ്ഞിരിക്കുകയാണ്. ജെ.സി.ബി. ഉപയോഗിച്ച് ഇവിടം ശുചിയാക്കാമെന്ന് ജില്ലാ ഭരണ കൂടം ഉറപ്പു നൽകിയിട്ടുണ്ടെന്ന് ചെല്ലാനം നിവാസിയായ ബാബു പറഞ്ഞു. കഴിഞ്ഞ വർഷം വരെ സന്നദ്ധ പ്രവർത്തകരാണ് ഇത് ചെയ്തത്.
പഞ്ചായത്ത് ട്രിപ്പിൾ ലോക്ഡൗണിലായ സാഹചര്യത്തിൽ ഇക്കുറി സന്നദ്ധപ്രവർത്തകർ എത്താൻ വഴിയില്ല. അതിനാലാണ് നാട്ടുകാർ കൂട്ടത്തോടെ ശുചീകരണത്തിനിറങ്ങിയത്.
തീരത്തോട് ചേർന്നുള്ള പല വീടുകളും അപകട ഭീഷണിയിലാണ്. പല വീടുകളുടെയും ഭിത്തിയിൽ വിള്ളൽ വീണിട്ടുണ്ട്. ഏതു നിമിഷവും നിലം പതിക്കാമെന്ന അവസ്ഥയിൽ ഒട്ടേറെ വീടുകൾ ചെല്ലാനത്തുണ്ട്. പലരും പ്രതിസന്ധിയെ തുടർന്ന് ബന്ധുവീടുകളിൽ തന്നെ തുടരുകയാണ്. എന്നത്തേക്ക് തിരിച്ചെത്താനാവുമെന്ന് അറിയില്ലെന്ന് ചെല്ലാനം മറുകാട് സ്വദേശിയായ വർഗീസ് പറഞ്ഞു.
കടൽകയറ്റം പശ്ചിമകൊച്ചിയിൽ
4533 കുടുംബാംഗങ്ങൾ ദുരിതത്തിൽ
മൂന്നു ദിവസം ആഞ്ഞടിച്ച കടൽ പശ്ചിമ കൊച്ചിയിലെ മൂന്നു പ്രദേശങ്ങളിലെ ജനജീവിതം ദുരിതത്തിലാക്കി. 4,533 കുടുംബങ്ങളെ വെള്ളക്കയറ്റം രൂക്ഷമായി ബാധിച്ചെ ഡിസാസ്റ്റർ മാനേജ്‌മെന്റ് അധികൃതർ അറിയിച്ചു. കുമ്പളങ്ങി, പള്ളുരുത്തി എന്നിവിടങ്ങളിലും വെള്ളക്കയറ്റം രൂക്ഷമായിരുന്നു.
കുമ്പളങ്ങി വില്ലേജിൽ എട്ടു വാർഡുകളിൽ വെള്ളം കയറി. 1551 കുടുംബങ്ങളെ ബാധിച്ചു.
പള്ളുരുത്തി വില്ലേജിൽ 180 കുടുംബങ്ങളെ ബാധിച്ചു
ചെല്ലാനത്ത് 1231 പേരെ ബാധിച്ചു
വെള്ളം കയറി ഇടങ്ങൾ, വാർഡ്, കുടുംബാംഗങ്ങൾ (എന്നിങ്ങനെ)
കുമ്പളങ്ങി വില്ലേജ്
അഞ്ച്, 50
ആറ് , 10
ഏഴ് 245
എട്ട്, 207
ഒമ്പത്, 89
10, 250
11, 100
21, 600
ആകെ 1551
പള്ളുരുത്തി വില്ലേജ്
ഒന്ന്, 25
രണ്ട്, 25
മൂന്ന്, 50
നാല്, 55
അഞ്ചിൽ 25
ആകെ 180
ചെല്ലാനം
13, 330
17, 225
18, 246
19, 480
20, 150
ആകെ 1231