അങ്കമാലി:കഴിഞ്ഞ രണ്ടുവർഷങ്ങൾക്കു മുമ്പുണ്ടായ പ്രളയത്തിൽ തകർന്ന ചാലക്കുടി ഇടതുകര മെയിൻ കനാലിന്റെ ഏഴാറ്റുമുഖം ഭാഗത്തെ സംരക്ഷണ ഭിത്തി കെട്ടി പൂർവ സ്ഥിതിയിലാക്കുന്നതിനായി 4.5 കോടി രൂപയ്ക്ക് സംസ്ഥാന ജലവിഭവവകുപ്പു മന്ത്രി കെ. കൃഷ്ണൻക്കുട്ടി അനുവാദം നൽകിയതായി മുൻമന്ത്രി ജോസ് തെറ്റയിൽ അറിയിച്ചു.അങ്കമാലി പ്രദേശത്തെ കാർഷികാവശ്യങ്ങൾക്കായി 50 വർഷങ്ങൾക്കു മുമ്പാണ് ചാലക്കുടി റിവർഡൈവേർഷൻ പദ്ധതി ആരംഭിച്ചത്.
സംസ്ഥാന സർക്കാരിന്റെ റീബിൽഡ് കേരള പദ്ധതിയിലുൾപ്പെടുത്തിയാണ് ഈ തുക അനുവദിച്ചിട്ടുള്ളത്. 2018ലെ വെള്ളപ്പൊക്കത്തിൽ കനാൽ ബണ്ട് തകർന്നതിനാൽ ഏറെക്കാലം ജലവിതരണം തടസപ്പെട്ടിരുന്നു. തുടർന്ന് അനുവദിച്ച 35 ലക്ഷം രൂപ ഉപയോഗിച്ച് താത്കാലികാടിസ്ഥാനത്തിൽ പണിത കനാലിലൂടെയായിരുന്നു നിയന്ത്രിതമായി ജലവിതരണം ഇതുവരെ നടത്തിവന്നിരുന്നത്.ചാലക്കുടിപ്പുഴയിൽ നിന്നാരംഭിക്കുന്ന ഇടതുകരകനാൽ പദ്ധതിയുടെ ആദ്യഭാഗത്ത് 200 മുതൽ 500 മീറ്റർ വരെയുള്ള ചെയിനേജിലാണ് നാശനഷ്ടങ്ങൾ സംഭവിച്ചത്. പുഴയോട് ചേർന്ന് സമാന്തരമായി കൊടുംവളവിലാണ് 12 മീറ്റർ ഉയരത്തിലുള്ള കനാൽഭിത്തി നിർമ്മിച്ചിരുന്നത്.

ജലവിതരണം പുനരാരംഭിക്കും

ഇപ്പോൾ അനുവദിച്ചിട്ടുള്ള തുക ഉപയോഗിച്ച് 200 മീറ്റർ നീളത്തിൽ സംരക്ഷണഭിത്തികെട്ടി പൂർത്തീകരിക്കുന്ന മുറയ്ക്ക് മാത്രമേ കനാൽ ശൃംഖലവഴി പൂർണതോതിൽ ജലവിതരണം പുനരാരംഭിക്കാൻ കഴിയൂ.
തകർന്ന കനാൽ ഭിത്തിയുടെ നിർമ്മാണ പ്രവർത്തികൾ എത്രയും വേഗം ആരംഭിക്കണമെന്നാവശ്യപ്പെട്ട് ഇടതുപക്ഷ ജനാധിപത്യമുന്നണി അങ്കമാലി കമ്മിറ്റിയുടെ നേതൃത്വത്തിൽ മുൻമന്ത്രി ജോസ് തെറ്റയിൽ, സി.പി.എം ഏരിയാ സെക്രട്ടറി കെ.കെ. ഷിബു, ബെന്നി മൂഞ്ഞേലി തുടങ്ങിയവർ ജലവിഭവവകുപ്പ് മന്ത്രിയെക്കണ്ട് നിവേദനം നൽകിയിരുന്നു.