കോലഞ്ചേരി: സർക്കാർ നിർദ്ദേശത്തെ തുടർന്ന് മേഖലയിലെ ഏഴ് പഞ്ചായത്തുകളിലും കൊവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രങ്ങളിൽ തയ്യാറെടുപ്പുകൾ പൂർത്തിയായി. വിവിധ സാമൂഹ്യ സന്നദ്ധ സംഘടനകളുടെ സഹകരണത്തോടെയാണ് പഞ്ചായത്തുകളുടെ നേതൃത്വത്തിൽ ആരോഗ്യവകുപ്പിന്റെ മേൽനോട്ടത്തിൽ കേന്ദ്രങ്ങൾ ഒരുക്കുന്നത്. ഇതിലേക്കാവശ്യമായ ബെഡുകൾ സജ്ജീകരിച്ച് കഴിഞ്ഞു. അതത് പഞ്ചായത്ത് പരിധിയിൽ കൊവിഡ് സംശയിക്കുന്ന രോഗികളെ താമസിപ്പിക്കുന്നതിനും പ്രഥമ ചികിത്സ നൽകുന്നതിനുമാണ് കേന്ദ്രങ്ങൾ. തിരുവാണിയൂർ പഞ്ചായത്തിലെ ശാസ്താംമുകൾ കണ്ണാശുപത്രിയിൽ 50 പേർക്കും,പുത്തൻകുരിശ് പഞ്ചായത്തിലെ ബി​.ടി.സി സ്‌കൂളിൽ 50, ഐക്കരനാട് പഞ്ചായത്തിലെ കിടാച്ചിറ ഹിൽ ടോപിൽ 60, പൂതൃക്ക പഞ്ചായത്തിലെ കോലഞ്ചേരി സെന്റ് പീ​റ്റേഴ്‌സ് കോളജ് ഇൻഡോർ സ്‌​റ്റേഡിയത്തിൽ 60, മഴുവന്നുർ പഞ്ചായത്തിലെ ഐരാപുരം സി.ഇ.​ടി കോളജിൽ 50, കിഴക്കമ്പലം പഞ്ചായത്തിലെ താമരച്ചാൽ വലിയ പള്ളി ഹാളിൽ 50, കുന്നത്തുനാട് പഞ്ചായത്തിലെ ജെ ആൻഡ് ആർ കൺവൻഷൻ സെന്ററിൽ 100 പേർക്കുമാണ് സൗകര്യങ്ങളൊരുക്കുന്നത്. കുന്നത്തുനാട് മണ്ഡലത്തിലെ വിവിധ ഭാഗങ്ങളിലായി പതിനഞ്ചോളം കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഇതിൽ ഭൂരിഭാഗവും വിദേശത്ത് നിന്നും,അന്യസംസ്ഥാനത്ത് നിന്നും എത്തിയവരാണ്. എന്നാൽ കഴിഞ്ഞ ദിവസങ്ങളിൽ സമ്പർക്കത്തിലൂടെയുള്ള ഏതാനും കേസുകളും റിപ്പോർട്ട് ചെയ്തിരുന്നു. നിയോജക മണ്ഡലത്തോട് ചേർന്നുള്ള ആലുവയുടെ വിവിധ ഭാഗങ്ങളിൽ കൊവിഡ് തോത് ഉയരുന്നത് മൂലം മണ്ഡലത്തിലും ജനങ്ങൾ ആശങ്കയിലാണ്.