whatsapp

കൊച്ചി: ''ഞാനൊരു ചെല്ലാനം കാരണാണട്ടോ... എനിക്ക് പറയാനുള്ളത് നിങ്ങള് ദയവായിട്ട് കേക്കണം''...കടലും കൊവിഡും ഒരുപോലെ ദുരിതത്തിലാക്കിയ ചെല്ലാനത്തിന്റെ നേർക്കാഴ്ചയായി സാമൂഹ്യമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നൊരു വീഡിയോ സന്ദേശത്തിലെ വാക്കുകളാണിത്. 2.18 മിനിറ്റ് ദൈർഘ്യമുള്ള വീഡിയോ ചിത്രീകരിച്ചത് ആരെന്നൊ, ശബ്ദം ആരുടേതെന്നോ വ്യക്തമല്ല. ശൈലികൊണ്ട് ചെല്ലാനം കാരനാണെന്ന് വ്യക്തം. സന്ദേശം തുടരുന്നതിങ്ങനെ.''ചെല്ലാനം കാര് ഇപ്പോഴാണ് ശരിക്കും ട്രിപ്പിൾ ലോക് ഡൗണിലായത്.കടലിന് തിന്നാനും വേണ്ടീട്ട് ശരിക്കും ഞങ്ങളെ എറിഞ്ഞു കൊടുത്തേക്കണ അവസ്ഥയിലാണ്. കൊറോണയൊന്നും ഇല്ലാത്ത കാലത്തൊണ്ടല്ലോ വർഷങ്ങളായിട്ട് ഞങ്ങളുപറയുന്നതാണ് ആ കടൽഭിത്തിയെങ്കിലുമൊന്ന് കെട്ടിത്തന്നേക്ക്ന്ന്. അങ്ങനെയാണെങ്കീ ഞങ്ങൾക്കീഗതി വരൂല്ലാരുന്നല്ലാ''.

സർക്കാരിനെതിരെയും പ്രതികരിക്കുന്നുണ്ട്. അത് ഇങ്ങനെ. ''ഇപ്പ എല്ലാദിവസവും നടക്കുന്ന വാർത്താ സമ്മേളനത്തിൽ ചെല്ലാനം ക്ലസ്റ്റർ ഏരിയായാണ്. ഇത്രപേര് പോസിറ്റീവായി. എല്ലാവരെയും സുരക്ഷിതമായിട്ട് ക്വാറന്റയിനിലാക്കി. എല്ലാവർക്കും അഞ്ച് കിലോ അരി. അത് ഇതെന്നൊക്കെ പറയുന്നത് കേക്കുമ്പളേ, നമുക്കൊക്കെതോന്നും എന്തൊരു കരുതലാണെന്ന് ചെല്ലാനത്തിനോടന്ന്.

പക്ഷേ, ഈ പറയുന്ന സാറുമ്മാരുതന്നെ പതിറ്റാണ്ടുകളായി മാറിമാറി ഭരിച്ച് കടൽ ഭിത്തി ഇപ്പോവരും നാളെവരൂന്ന് പറഞ്ഞ് ഞങ്ങളെ പറ്റിച്ചോണ്ടിരിക്കെയാണ്. അതറിയാവോ...? ഇതൊന്നു ശരിയാക്കി കിട്ടാൻ വേണ്ടീട്ട് നടക്കാത്ത സമരങ്ങളൊ. അല്ലെങ്കീ, പോയി കാണാത്ത ആളുകളൊ മുട്ടാത്ത വാതിലുകളൊ.. ഒന്നുമില്ല. എന്നാലും ഏമാന്മാരിങ്ങനെ വാഗ്ദാനങ്ങള് തന്ന് ഞങ്ങളെ പറ്റിച്ചോണ്ടിരിക്കും.''

പറഞ്ഞ് അവസാനിക്കുപ്പിക്കുന്നക് കേട്ടാൽ ആരുടേയും ഉള്ളൊന്ന് പൊള്ളും. അത്ര തീവ്രമാണ് വാക്കുകൾ. ''കേരളത്തില് കഴിഞ്ഞ രണ്ടു തവണയും പ്രളയം വന്നപ്പോഴേ ആരും വിളിക്കാതെതന്നെ ഓടിവന്നവരാണ് മത്സ്യത്തൊഴിലാളികള്. അവരെന്താണ് അങ്ങനെ വരണേണ്ട കാരണങ്ങളെന്ന് നിങ്ങ ചിന്തിച്ചിട്ടുണ്ടോ ‌? ഒരായുസിന്റെ അദ്ധ്വാനം കൊണ്ടൊണ്ടാക്കിയെടുക്കുന്ന സ്വന്തം വീടും സ്വത്തും സ്വന്തബന്ധങ്ങളുമെല്ലാം കടലെടുത്തോണ്ടു പോണതെ നിസഹായതയോടെ നോക്കിനിന്ന് ചങ്കുപൊട്ടീട്ടുള്ളവരാണവര്. അവർക്കതിന്റെ വേദന അറിയാം. അതാണ് തന്റെ സഹോദരങ്ങള് വെള്ളത്തില് മുങ്ങിപ്പൊക്കൊണ്ടിരിക്കുമ്പള് അവർക്ക് വീട്ടി കെടന്നൊറങ്ങാൻ പറ്റാത്തത്. അവരവരുടെ വള്ളോം എടുത്തോണ്ടോടി വരണേണ്ട കാരണോം അതാണ്.ഇപ്പം നിങ്ങക്ക് ഞങ്ങളെ സഹായിക്കാൻ പറ്റണ നേരമാണ്. ഇപ്പം സഹായിച്ചില്ലെങ്കിലും ഇനിയുമൊരു പ്രളയമുണ്ടായാലും ഞങ്ങള് വരും. പക്ഷേ ഞങ്ങള് ജീവനോടെ ഉണ്ടായലല്ലേ, ഞങ്ങക്ക് വരാൻ പറ്റുവൊള്ളു''