കോലഞ്ചേരി: സർക്കാർ ഉദ്യോഗസ്ഥനായ ബിനുവിന്റെ കൈയിലെത്തിയാൽ പിന്നെ പാള ' പൊളിയാണ് '. കവുങ്ങിൻ പാള കൊണ്ട് പ്രകൃതിക്ക് ഇണങ്ങുന്ന ഉത്പന്നങ്ങൾ കണ്ടെത്തി പ്ലാസ്റ്റിക്കിനെതിരെ പടപൊരുതുകയാണ് ഈ യുവ കർഷകൻ. ബിനുവിന്റെ പാള ബാഗ് സൂപ്പർഹിറ്റാണ്. മീനും,ഇറച്ചിയും പച്ചക്കറികളുമെല്ലാം ഇതിൽ ഒതുങ്ങും. അടുക്കളത്തോട്ടത്തിലെ ഗ്രോ ബാഗുകളും പാളയിലാണ്. രണ്ടു വിളവെടുപ്പ് കഴിയുമ്പോഴേയ്ക്കും പാള മണ്ണോടുചേരും ഇത് വളമായി മാറുന്ന മണ്ണ് അടുത്ത ബാഗിൽ നിറയ്ക്കും.
ടേബിൾ മാറ്റ്, ഇൻഡോർ പ്ലാന്റുകൾക്കുള്ള ചെറിയ ചട്ടികൾ, പാളപ്ളേറ്റ്, പാളച്ചട്ടി, തൊപ്പി മുതൽ ബിനുവിന്റെ വീട് പാളമയം. ജൈവകൃഷിയെന്ന ആഗ്രഹമാണ് സർക്കാർ ഉദ്യോഗസ്ഥനായ ബിനു കണ്ണേത്തിനെ പാള പരീക്ഷണങ്ങളിലെത്തിച്ചത്.
# കവുങ്ങിൻ പാളയിൽ ഗ്രോ ബാഗ്
കവുങ്ങിൻ പാളയിൽ ഗ്രോബാഗ് നിർമ്മിച്ചാണ് പാളയിലെ പരീക്ഷണങ്ങളുടെ തുടക്കം. ഇപ്പോഴും പരീക്ഷണം മുന്നേറുകയാണ്. പൂതൃക്ക പഞ്ചായത്തിലെ ചൂണ്ടിയിലെ പുത്തൻകുരിശ് പൊലീസ് സ്റ്റേഷനടുത്തെ വീട്ടിലാണ് പരീക്ഷണങ്ങൾ. തന്റെ പുരയിടത്തിലെ അടയ്ക്കാമരത്തിന്റെ പൊഴിഞ്ഞുവീണ പാളകളാണ് ഉപയോഗിക്കുന്നത്.
കോട്ടയത്ത് ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പിന്റെ ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിൽ സീനിയർ ക്ലാർക്കാണ് ബിനു.
# ലോക്ക് ഡൗണിലെ പരീക്ഷണം ഹിറ്റ്
സമൂഹത്തിൽ പ്ളാസ്റ്റിക്കിന്റെ അമിത ഉപയോഗമാണ് വേറിട്ട ചിന്തയിലേയ്ക്ക് വഴിതെളിച്ചത്.കഴിഞ്ഞ ലോക്ക് ഡൗൺ കാലത്താണ് പരീക്ഷണങ്ങൾ തുടങ്ങിയത്. തൊടിയിൽ വീണ പാളയെടുത്ത് മടക്കി വിവിധ പൊസിഷനുകളിൽ നിർത്തി പരീക്ഷണം തുടങ്ങി. പാളയുടെ രണ്ടറ്റങ്ങൾ ബന്ധിപ്പിക്കാൻ ഈർക്കിലിയാണ് ഉപയോഗിക്കുന്നത്. വിവിധ ബുക്കുകൾ വാങ്ങി റഫർ ചെയ്താണ് പരീക്ഷണങ്ങൾക്ക് തുടക്കം .കാർഷിക മേഖലയിലെ പ്ളാസ്റ്റിക്കിന്റെ അമിത ഉപയോഗമുണ്ട്, ഇതു പ്രാവർത്തികമായാൽ ഒരുപരിധി വരെ പ്ളാസ്റ്റിക്കിനെ നിയന്ത്രിക്കാമെന്ന് ബിനു പറയുന്നു . ഭാര്യ ഷെറിൻ എറണാകുളം സെൻട്രൽ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിലെ സ്റ്റെനോഗ്രഫറാണ്. ഗ്രെയ്സ്, ക്രിസ്റ്റീന, എസ്തയർ എന്നിവരാണ് മക്കൾ. ഉണ്ടാക്കുന്ന ഉത്പന്നങ്ങളെക്കുറിച്ചുള്ള ആദ്യ പ്രതികരണം കുടുംബാംഗങ്ങളാണ് പങ്കു വയ്ക്കുന്നത്. വിവിധ പരീക്ഷണങ്ങൾക്ക് മേഖലയിലെ കൃഷി ഭവനിൽ നിന്നും ഉപദേശങ്ങൾ ലഭിക്കുന്നുണ്ട്. മറ്റു ഗ്രോ ബാഗുകളെ പോലെ തന്നെ ലൈറ്റ് റിഫ്ളെക്ഷനു വേണ്ടി പാളയുടെ ഇരുണ്ടഭാഗം അകത്തും വെള്ള പുറത്തും വരുത്തക്ക വിധമാണ് നിർമ്മിതി. സമീപത്തുള്ള മുഴുവൻ പേർക്കും സൗജന്യമായി പാള ബാഗ് നിർമ്മിച്ചു നൽകി പ്ളാസ്റ്റിക്ക് കിറ്റുകൾക്കെതിരെയുള്ള പോരാട്ടമാണ് ഇനിയുള്ള ലക്ഷ്യം.
# പശുപരിപാലനവും
വീട്ടിൽ കാസർകോട് കുള്ളൻ പശുവുമുണ്ട്. രാവിലെ ജോലിക്കുപോകുന്ന കാറിൽ വൈകിട്ട് സ്വന്തമായി വെട്ടിയെടുക്കുന്ന പുല്ലുമായി തിരിച്ചെത്തിയാണ് പശുവിന്റെ പരിപാലനം.