കൊച്ചി : റബർ ആക്ട് പിൻവലിക്കാനുള്ള നീക്കത്തിൽ നിന്ന് കേന്ദ്രസർക്കാർ പിന്മാറണമെന്ന് കേരളാ കോൺഗ്രസ് (ജേക്കബ്) ലീഡർ അനൂപ് ജേക്കബ് എം.എൽ.എ ആവശ്യപ്പെട്ടു. ഈ നീക്കം റബർ കർഷകരെ പ്രത്യക്ഷത്തിലും, കേരളത്തിന്റെ സമ്പദ്ഘടനയെ പരോക്ഷമായും ദോഷകരമായി ബാധിക്കും. ഈ വിഷയത്തിൽ സംസ്ഥാന സർക്കാരിന്റെ ശക്തമായ ഇടപെടൽ ഉണ്ടാകുന്നില്ല. റബറിന്റെ ഇറക്കുമതി തടയാനുള്ള നടപടികളാണ് സ്വീകരിക്കേണ്ടത്. അതിന് പകരം റബർ ആക്ട് ഭേദഗതി ചെയ്യാനും പിൻവലിക്കാനുമുള്ള നീക്കം ഈ മേഖലയെ തകർക്കും. അതിനാൽ ഇതിൽനിന്ന് കേന്ദ്രസർക്കാർ പൂർണമായും പിൻമാറണമെന്നും ഇതാവശ്യപ്പെട്ടു കേന്ദ്ര വാണിജ്യമന്ത്രിക്ക് കത്ത് നൽകിയിട്ടുണ്ടെന്നും എം.എൽ.എ അറിയിച്ചു.