കോലഞ്ചേരി: ജില്ലയുടെ കിഴക്കൻ മേഖലയിൽ 'കർട്ടനിട്ട് തട്ടിപ്പ്'. വാഹനങ്ങളിൽ ബാംബു കർട്ടനുമായി എത്തുന്ന സംഘമാണ് ഭീഷണിപ്പെടുത്തി പണം തട്ടുന്നത്. ഇതിനോടകം നിരവധിപ്പേർ തട്ടിപ്പിന് ഇരയായി. സത്രീകൾ മാത്രം താമസിക്കുന്ന വീടുകളും ഗൃഹനാഥൻമാരില്ലാത്ത സമയവും നോക്കിയാണ് തട്ടിപ്പ് നടക്കുന്നത്. മാനഹാനി ഭയന്ന് പൊലീസിൽ പരാതിപ്പെടാത്തത് സംഘത്തിനു സഹായമാകുന്നത്. കർട്ടൻ സ്ഥാപിക്കുന്നതിന് എത്ര രൂപ ചെലവാകുമെന്നു ചോദിച്ചാൽ ചതുരശ്ര അടിയുടെ കണക്കാണ് ഇവർ പറയുക. ആകെ എത്രയാകുമെന്നും ചോദിച്ചാൽ പല കാരണങ്ങൾ പറഞ്ഞ് ഒഴിഞ്ഞു മാറും. ഇതിനിടയിൽ കർട്ടൻ സ്ഥാപിക്കും. ജോലി പൂർത്തിയായാൽ മട്ടും ഭാവവും മാറും.പിന്നെ വൻ തുക ആവശ്യപ്പെടുകയാണ് ചെയ്യുക. ഇത്രയും പണം കൈയിലില്ലെന്ന് പറഞ്ഞാൽ ഭീഷണിയും ഉച്ചത്തിലുള്ള സംസാരവും തുടങ്ങും
അടുത്തിടെ കർട്ടൻ സ്ഥാപിച്ച കോലഞ്ചേരി മേഖലയിലെ ഒരു വീട്ടമ്മ തട്ടിപ്പിന് ഇരയായി. വരാന്തയിലും മറ്റും കർട്ടൻ സ്ഥാപിച്ചശേഷം സംഘം 50,000 രൂപ ആവശ്യപ്പെട്ടു. ഇത്ര വലിയ തുക നൽകാൻ തന്റെ കൈയിലില്ലെന്നും കർട്ടൻ അഴിച്ചെടുത്തുകൊണ്ടുപോകാൻ പറഞ്ഞെങ്കിലും തട്ടിപ്പുസംഘം ഭീഷണിമുഴക്കാൻ തുടങ്ങി. ഗത്യന്തരമില്ലാതെ 35,000 രൂപ നൽകി. അദ്ധ്യാപികയുടെ വീട്ടിലും മുമ്പ് സമാന രീതിയിൽ തട്ടിപ്പു നടന്നിരുന്നു.കർട്ടൻ സ്ഥാപിച്ച ശേഷം 15,000 രൂപ ആവശ്യപ്പെട്ടെങ്കിലും അദ്ധ്യാപിക പൊലീസിൽ പരാതിപ്പെടുമെന്ന് അറിയിച്ചതോടെ 9,000 രൂപ വാങ്ങി തട്ടിപ്പു സംഘം മടങ്ങി.