കൊച്ചി : മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ തട്ടിപ്പുനടത്തുന്നവരെ നിയമത്തിന്റെ ഉരുക്കുമുഷ്‌ടി ഉപയോഗിച്ചു നേരിട്ടില്ലെങ്കിൽ പൊതുസമൂഹത്തിന് നിയമസംവിധാനത്തിലുള്ള വിശ്വാസം നഷ്ടമാകുമെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. ദുരിതാശ്വാസനിധിയിൽനിന്ന് 73 ലക്ഷം രൂപയുടെ തട്ടിപ്പു നടത്തിയ കേസിൽ പ്രതിയായ എറണാകുളം കളക്ടറേറ്റിലെ എൽ.ഡി ക്ളാർക്കും കാക്കനാട് മാവേലിപുരം സ്വദേശിയുമായ വിഷ്ണുപ്രസാദ് നൽകിയ ജാമ്യാപേക്ഷ തള്ളിയാണ് സിംഗിൾബെഞ്ച് ഇക്കാര്യം പറഞ്ഞത്.
പൊതുജനങ്ങളിൽ നിന്ന് ശേഖരിച്ച തുകയാണ് നിധിയിലുള്ളത്. പ്രളയം, കൊവിഡ് തുടങ്ങിയ ദുരിതസാഹചര്യങ്ങളെ പരിമിതമായ സാമ്പത്തിക സ്രോതസുകൾ ഉപയോഗിച്ചാണ് സർക്കാർ നേരിടുന്നത്. എല്ലാ തുറകളിലുമുള്ള ജനങ്ങൾ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകുന്നുണ്ട്. സ്കൂൾ കുട്ടികൾവരെ തങ്ങളുടെ പോക്കറ്റുമണി സംഭാവന ചെയ്യുന്നു. ഇങ്ങനെ ശേഖരിച്ച തുകയിൽ നിന്നാണ് ഹർജിക്കാരനെപ്പോലുള്ള സർക്കാർ ജീവനക്കാർ തട്ടിപ്പുനടത്തിയത്. ഇത്തരം കേസുകളിൽ ജാമ്യം അനുവദിക്കുന്നത് സമൂഹത്തിന് തെറ്റായസന്ദേശം നൽകുമെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.
കേസിങ്ങനെ
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്ന് വീടുവയ്ക്കാൻ ചില ഗുണഭോക്താക്കൾക്ക് നൽകിയ തുക അപര്യാപ്തമാണെന്ന് കണ്ടതിനെത്തുടർന്ന് തിരിച്ചടയ്ക്കാൻ നിർദേശിച്ചിരുന്നു. 303 ഗുണഭോക്താക്കൾ തിരിച്ചടച്ചു. ഒരു കോടി 21 ലക്ഷം രൂപയാണ് തിരിച്ചു ലഭിക്കേണ്ടിയിരുന്നത്. എന്നാൽ ഹർജിക്കാരനുൾപ്പെടെയുള്ള പ്രതികൾ ഗുണഭോക്താക്കളിൽ നിന്ന് ശേഖരിച്ച തുകയിൽ 48.3 ലക്ഷം രൂപ മാത്രമാണ് തിരിച്ചടച്ചതെന്നാണ് കേസ്.