കോലഞ്ചേരി: കോലഞ്ചേരി ബ്ലോക്ക് ഓഫീസിനു സമീപം കൊച്ചി ധനുഷ്കോടി ദേശീയ പാതയിൽ വാഹനമിടിച്ച് പരിക്കേറ്റ നായ്ക്കുട്ടിക്ക് അതു വഴിയെത്തിയ മഴുവന്നൂർ പാറക്കാട്ടേൽ എൽസൺ ജോർജ് രക്ഷകനായി. തോന്നിക്കയിൽ കാർ പോളീഷിംഗ് സെന്റർ നടത്തുന്ന എൽസൺ ഇന്നലെ രാവിലെ പത്ത് മണിയോടെ പെയ്ന്റ് വാങ്ങുന്നതിന് ബൈക്കിൽ പോകുമ്പോഴാണ് സാരമായി പരിക്കേറ്റ് റോഡിൽ കിടക്കുന്ന നായയെ കണ്ടത്. നടുവിനും കാലിനും ഗുരുതരമായി പരിക്കേറ്റ നായയെ റോഡരികിലേയ്ക്ക് നീക്കി കിടത്തിയശേഷം മൃഗാശുപത്രിയിൽ ചെന്ന് ഡോക്ടറെ വിവരം അറിയിച്ചു.വൈറ്റനറി ഡോക്ടർ ജാൻസി സി .കാപ്പനും സഹപ്രവൃത്തകരും സ്ഥലത്തെത്തി നായയെ ആശുപത്രിയിലേയ്ക്ക് മാറ്റി. പരിശോധനയിൽ കാലിന് ഒടിവും, നടുവിന് മുറിവുണ്ടെന്നും കണ്ടെത്തി .ഡെകെയറിൽ നിന്ന് ഉപകരണങ്ങർ എത്തിച്ച് കാലിന് ഓപ്പറേഷൻ ചെയ്ത് ബോൾട്ട് ഇട്ടു. മരുന്നുകൾ നൽകി.ഓപ്പറേഷൻ കഴിഞ്ഞ് ആശുപത്രിയിൽ സുഖം പ്രാപിച്ചു വരുന്ന നായ്ക്കുട്ടിയെ ഉടമസ്ഥൻ അന്വോഷിച്ചെത്തുമെന്ന പ്രതീക്ഷയിലാണ് ഇവർ.