mla
വികസന മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുന്നതിനായി റോജി എം. ജോണ്‍ എം.എല്‍.എയുടെ നേത്യത്വത്തില്‍ മൂക്കന്നൂര്‍ കാളാര്‍കുഴി വനിത ഖാദി നെയ്ത്ത് ശാല സന്ദര്‍ശിക്കുന്നു

അങ്കമാലി: കേരള ഖാദി ആൻഡ് ഇൻഡസ്ട്രീസ് ബോർഡിന്റെ കീഴിൽ മൂക്കന്നൂരിൽ പ്രവർത്തിക്കുന്ന വനിത നെയ്ത്ത്ശാല നവീകരിക്കുന്നതിനും വികസിപ്പിക്കുന്നതിനും മാസ്റ്റർ പ്ലാൻ തയ്യാറാക്കുന്നു.
നാല് പതിറ്റാണ്ട് മുമ്പാണ് മൂക്കന്നൂർ കാളാർകുഴിയിൽ ഖാദി ബോർഡിന് കീഴിൽ വനിതാ നെയ്ത്ത്ശാല പ്രവർത്തനമാരംഭിച്ചത്. മുപ്പതോളം വനിതകൾ തൊഴിലെടുക്കുന്ന നെയ്ത്ത് ശാലയിൽ യാതൊരു സൗകര്യങ്ങളും ഇല്ല. ബ്ലോക്ക് പഞ്ചായത്ത് നടപ്പ് വാർഷിക പദ്ധതിയിൽ 8 ലക്ഷം രൂപ മുടക്കി സെയിൽസ് കൗണ്ടറും, ശൗചാലയവും നിർമ്മിക്കും.നെയ്ത്തു ശാലയിലെ വനിതകൾ എം.എൽ.എക്ക് നൽകിയ നിവേദനത്തെതുടർന്ന് എം.എൽ. എ റോജി എം ജോൺ വിളിച്ചു ചേർത്ത ജനപ്രതിനിധികളടേയും ഖാദി ബോർഡ് ഉദ്ദോഗസ്ഥരടേയും യോഗമാണ് നവീകരിക്കാൻ തീരുമാനിച്ചത്.യോഗത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജയ രാധാക്യഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ടി.പോൾ, ഖാദി ബോർഡ് പ്രൊജക്ട് ഓഫീസർ അബു, ബ്ലോക്ക് പഞ്ചായത്ത് സ്‌കിൽസ് എക്‌സലൻസ് സെന്റർ കൺവീനർ ടി.എം. വർഗ്ഗീസ്, ബ്ലോക്ക് പഞ്ചായത്തംഗം ഗ്രേസി റാഫേൽ, പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷൻമാരായ കെ.വി.ബിബീഷ്, ലീലാമ്മ പോൾ, ഏല്യാസ് കെ. തരിയൻ, മുൻ മെമ്പർ ജോസ് മാടശ്ശേരി, വീവിംങ് സൂപ്രണ്ടുമാരായ എ.പി. റോസി, റീത്ത എന്നിവർ സംസാരിച്ചു.

കെട്ടിടത്തിന്റെ പുനരുദ്ധാരണം ഉടൻ

ഖാദി ബോർഡ് ഉൽപ്പന്നങ്ങൾ കേടു കൂടാതെ സൂക്ഷിക്കുന്നിനും വില്പന നടത്തുന്നതിനുമുള്ള സൗകര്യങ്ങളോ ഇല്ല. നിലവിലുള്ള കെട്ടിടം സീലിംങ് പൊളിഞ്ഞ് ചോർന്നൊലിക്കുന്നു. ചുറ്റുമതിലില്ലാത്തതിനാൽ സുരക്ഷിതത്വവുമില്ല.നവീകരണത്തിന്റെ ഭാഗമായി നിലവിലുള്ള നെയ്ത്ത്ശാല കെട്ടിടത്തിന്റെ പുനരുദ്ധാരണവും സീലിംങ്, ഇലക്ട്രിഫിക്കേഷൻ എന്നിവ ഖാദി ബോർഡ് ഉടൻ നടത്തും.

പുതിയ നെയ്ത്ത്ശാല എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിലൂടെ

സർക്കാർ അനുമതി ലഭിക്കുന്ന മുറയ്ക്ക് എം.എൽ.എയുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് പുതിയ നെയ്ത്ത്ശാല കെട്ടിടം നിർമ്മിക്കും. ത്രിതല പഞ്ചായത്ത് ഫണ്ടുകൾ ഉപയോഗിച്ച് ചുറ്റുമതിൽ, ഡ്രസിംങ് റൂം, അടുക്കള എന്നിവയും നിർമ്മിക്കും .